ഇസ്‌ലാമാബാദ്- തെക്കൻ പാകിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനിൽ ഇടിച്ച് 10 പേർ മരിച്ചു. കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ റഹിം യാർ ഖാനിലെ വാൽഹാർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വാൽഹാർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിൽ അതിവേഗത്തിൽ പാഞ്ഞെത്തിയ പാസഞ്ചർ ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ജമീൽ അഹമ്മദ് പറഞ്ഞു. സംഭവത്തെ തുടർന്ന് ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തിൽ പെട്ടവർക്ക് സാധ്യമായ ഏറ്റവും മികച്ച അടിയന്തിര വൈദ്യസഹായം നൽകാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികൃതരോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി. രക്ഷാ പ്രവർത്തനങ്ങൾക്ക് സൈന്യവും രംഗത്തുണ്ട്.