ന്യൂയോര്‍ക്ക്- അമേരിക്കയില്‍ മാസങ്ങള്‍ക്ക് മുമ്പ് കാണാതായ 57-കാരനെ വളര്‍ത്തുനായ്ക്കള്‍ തിന്നതാണെന്ന് പോലീസിന്റെ സ്ഥിരീകരണം. സ്വാഭാവികമായി മരിച്ച ഇയാളുടെ മൃതദേഹം ഭക്ഷിച്ചതാണോ അതോ വളര്‍ത്തുനായ്ക്കള്‍ കൊന്നു തിന്നതാണോയെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല.
ടെക്‌സാസില്‍ താമസിക്കുന്ന ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ഭക്ഷണമാക്കിയത്. ടെക്‌സാസിലെ വീനസില്‍ സ്ഥലത്തായിരുന്നു ഫ്രെഡി തനിച്ച് താമസിച്ചിരുന്നത്. 18 വളര്‍ത്തുനായ്ക്കളായിരന്നു കൂട്ട്.
രണ്ടാഴ്ചയിലൊരിക്കല്‍ ബന്ധുക്കളോടൊപ്പം പുറത്തുപോകാറുള്ള ഫ്രെഡിയെ കാണാത്തതിനാലാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കള്‍ പലതവണ ഫ്രെഡിയുടെ വീട്ടുവളപ്പില്‍ കയറി പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കള്‍ സമ്മതിച്ചിരുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി ഫ്രെഡിയുടെ ബന്ധുക്കളെയും സമീപപ്രദേശത്ത് താമസിക്കുന്നവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഫ്രെഡിയുടെ വീട്ടുവളപ്പില്‍നിന്ന് പോലീസ് സംഘത്തിന് മനുഷ്യന്റെ എല്ലുകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തി. പോലീസ് സംഘം ഇവ ശേഖരിച്ച് ഡി.എന്‍.എ. പരിശോധനക്കയച്ചു. ഇതിനുപിന്നാലെ നായ്ക്കളുടെ വിസര്‍ജ്യത്തില്‍നിന്ന് മനുഷ്യന്റെ തലമുടിയും ഫ്രെഡിയുടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. എല്ലിന്‍കഷ്ണങ്ങളുടെ ഡി.എന്‍.എ. പരിശോധനഫലം കൂടി പുറത്തുവന്നതോടെയാണ് നായ്ക്കള്‍ ഭക്ഷിച്ചുവെന്ന കാര്യം സ്ഥിരീകരിച്ചത്.
സ്വഭാവികമായി മരണപ്പെട്ട ഫ്രെഡിയുടെ മൃതദേഹം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഫ്രെഡിയുടെ ആകെയുണ്ടായിരുന്ന 18 നായ്ക്കളില്‍ രണ്ടെണ്ണത്തിനെ മറ്റുനായ്ക്കള്‍ ചേര്‍ന്ന് കൊന്നുതിന്നിരുന്നു. നിലവില്‍ ഫ്രഡിയുടെ വീട്ടിലുണ്ടായിരുന്ന 16 നായ്ക്കളെയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 13 എണ്ണെത്തിനെ ദയാവധത്തിന് വിധേയമാക്കാനാണ് തീരുമാനം.