ലോസ് ആഞ്ചല്‍സ്- കൃത്രിമ ഗര്‍ഭധാരണ കേന്ദ്രത്തിലെ അശ്രദ്ധ മൂന്ന് കുടുംബങ്ങളെ സങ്കടത്തിലാക്കി. ഏഷ്യന്‍ വംശജയായ സ്ത്രീ ഏഷ്യക്കാരല്ലാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതോടെയാണ് സി.എച്ച്.എ ഫെര്‍ട്ടിലിറ്റി കേന്ദ്രത്തില്‍വെച്ച് ഭ്രൂണം മാറിയ സംഭവം പുറം ലോകം അറിഞ്ഞതും കേസുകള്‍ കോടതിയിലെത്തിയതും.
ഡി.എന്‍.എ പരശോധിച്ചപ്പോള്‍ ക്വീന്‍സ് സ്വദേശിനി പ്രസവിച്ചത് അവരുടെ കുഞ്ഞുങ്ങളെയല്ലെന്നും വ്യക്തമാകുകയും രണ്ടു പേരേയും യഥാര്‍ഥ മാതാപിതാക്കള്‍ക്ക് കൈമാറേണ്ടി വരികയും ചെയ്തു. മറ്റു രണ്ട് വ്യത്യസ്ത ദമ്പതികളുടെ ഭ്രൂണമാണ് ക്വീന്‍സ് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചിരുന്നത്.
ഇവര്‍ കോടതിയെ സമീപിച്ചതിനു പിന്നാലെ ഒരു കുഞ്ഞിനെ തിരികെ ലഭിച്ച ആന്നി-അഷോട്ട് ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനെ അപരിചിത പ്രവസിച്ച സംഭവത്തില്‍ കോടതിയിലെത്തി.
മകള്‍ക്ക് ഒരു സഹോദരനെ കിട്ടാന്‍ വേണ്ടിയാണ് ഇവര്‍ ഫെര്‍ട്ടിലിറ്റി കേന്ദ്രത്തെ സമീപിച്ചിരുന്നത്. 2018 ഓഗസ്റ്റില്‍ ആന്നിയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചിരുന്നെങ്കിലും അത്അലസിപ്പോയിരുന്നു. അത് മറ്റാരുടെയോ ഭ്രൂണമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി.
അഷോട്ടിന്റെ ഭ്രൂണം ആന്നിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതിനു പകരം ആയിരക്കണക്കിനു മൈലുകള്‍ അകലെ ക്വീന്‍സിലുള്ള സ്ത്രീയിലാണ് നിക്ഷേപിക്കപ്പട്ടത്. ക്വിന്‍സ് സ്ത്രീ മാര്‍ച്ച് 31 ന് അഷോട്ടിന്റെ കുഞ്ഞിനും മറ്റൊരു ദമ്പതികളുടെ കുഞ്ഞിനും ജന്മം നല്‍കി.
മൂന്ന് കുടുംബങ്ങളെയാണ് ഫെര്‍ട്ടിലിറ്റി സെന്റര്‍ സങ്കടത്തിലാക്കിയതെന്ന് കോടതിയില്‍ കേസ് ഫയല്‍ ചെയ്ത ശേഷം ആന്നിയും അഷോട്ടും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.