ലിനിയുടെ അന്ത്യാഭിലാഷം പൂവണിയുന്നു; മക്കൾ ഇന്ന് ബഹ്‌റൈനിൽ എത്തും

മനാമ- നിപാ വൈറസ് പനി ബാധയിൽ  രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ അന്ത്യാഭിലാഷമായ മക്കളുടെ ബഹ്റൈന്‍ യാത്ര സഫലമാകുന്നു.  ലിനിയുടെ മക്കളായ മക്കളായ റിതുലും സിദ്ധാർഥും അച്ഛൻ സജേഷിനൊപ്പം ഇന്ന്  ബഹ്റൈനിലെത്തുന്നതോടെ ലിനിയുടെ അന്ത്യാഭിലാഷമാണ് പൂവണിയുന്നത്. ഇവരെ സ്വീകരിക്കുന്നതോടൊപ്പം നാളെ നടക്കുന്ന പരിപാടിയിൽ 10 നഴ്സുമാരെ ആദരിക്കുകയും ചെയ്യും. മരിക്കുമെന്നുറപ്പായപ്പോൾ പ്രാണനൊമ്പരത്തോടെ മക്കളെ ഗൾഫിൽ കൊണ്ടു പോകണമെന്നാവശ്യപ്പെട്ട്  ഭർത്താവിന് ലിനി എഴുതിയ കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ലിനിയുടെ മരണ ശേഷം സജേഷിന് കേരള ഗവൺമെൻറ് ജോലി നൽകിയതോടെ ലിനിയുടെ ആഗ്രഹം ബാക്കിയായി കാണാമറയത്തേക്ക്  പോകുന്നതിനിടെയാണ്  ബഹ്റൈനിലെ കൂട്ടായ്മയായ ‘ഒരുമ’യുടെ പ്രവർത്തകര്‍ ഇവരുടെ അന്ത്യാഭിലാഷം പൂവണിയിച്ചു ബഹ്‌റൈൻ സന്ദർശനത്തിനു അവസരമൊരുക്കിയത്. ഒരുമയുടെ അംഗവും കൂടിയായിരുന്നു സജേഷ്.  

         ഇന്ന് ബഹ്‌റൈനിൽ എത്തുന്ന സജേഷും മക്കളായ റിതുൽ (ആറ്), സിദ്ധാർഥ് (മൂന്ന്), ലിനിയുടെ മാതാവ് രാധാ നാണു എന്നിവർ  നാളെ രാത്രി ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന 'സിസ്റ്റർ ലിനി സ്നേഹ സ്മൃതി' പരിപാടിയിൽ പങ്കെടുക്കും. ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്‍യും മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെയും സഹകരണത്തോടെ കോൺവെക്സ് ഇവെൻറ്സുമായി ചേർന്നാണ് ഒരുമ സാംസ്കാരികവേദി പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖ പിന്നണി ഗായകരായ അജയ്‌ഗോപാൽ, സിന്ധു പ്രേംകുമാർ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്,  സിസ്റ്റർ ലിനിയുടെ രേഖചിത്രങ്ങൾ ഉൾപ്പെടുത്തി ദിനേശ് മാവൂർ തയാറാക്കുന്ന സാൻഡ് ആർട്ട്  എന്നിവയും ഉണ്ടായിരിക്കും. കൂടാതെ ബഹ്റൈനില്‍ വിവിധ ആശുപത്രികളിൽ ജോലിചെയ്തുവരുന്ന പത്ത്‌ നഴ്സുമാരെ സിസ്റ്റർ ലിനിയുടെ പേരിൽ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.  

Latest News