ഡെറാഡൂണ്‍- ബിജെപി എംഎല്‍എയുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. പക്ഷേ, അതിന്റെ പേരില്‍ എംഎല്‍എ കുറച്ചേറെ കഷ്ടപ്പെടേണ്ടിവരും എന്ന് ഉറപ്പാണ്. രണ്ട് കൈയ്യിലും തോക്കേന്തിക്കൊണ്ടായിരുന്നു എംഎല്‍എ വീട്ടില്‍ നടത്തിയ പാര്‍ട്ടിയില്‍ നൃത്തം ചെയ്തത്. ഉത്തരാഖണ്ഡിലെ ലക്‌സറില്‍ നിന്നുള്ള ബിജെപി എംഎല്‍എ കുന്‍വര്‍ പ്രണവ് സിങ് ചാമ്പ്യന്‍ ആണ് ഇപ്പോള്‍ കുരുക്കിലായിട്ടുള്ളത്. കാലിന് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ ആയിരുന്നു ചാമ്പ്യന്‍. അത് കഴിഞ്ഞ് വീട്ടിലെത്തിയതിന്റെ പാര്‍ട്ടിയ്ക്കിടെ ആയിരുന്നു തോക്കേന്തിയുള്ള നൃത്തം. ആരാണ് ഇതിന്റെ വീഡിയോ പകര്‍ത്തി പുറത്ത് വിട്ടത് എന്നത് അറിവായിട്ടില്ല. നൃത്തത്തിനിടെ ഇടയ്ക്കിടെ മദ്യം നിറച്ച ഗ്ലാസ്സ് ഒരു സഹായി എംഎല്‍എയ്ക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം. നേരത്തേ തന്നെ കുപ്രസിദ്ധനാണ് പ്രണവ് സിങ് ചാമ്പ്യന്‍ എംഎല്‍എ. മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് കൈത്തോക്കുകളും ഒരു വലിയ തോക്കും ആണ് വീഡിയോയില്‍ കാണുന്നത്. ഈ തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.