Sorry, you need to enable JavaScript to visit this website.

വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയില്‍; മുംബൈ ഹോട്ടലിനു ചുറ്റും നിരോധനാജ്ഞ

എം.എല്‍.എമാരെ അനുനയിപ്പിക്കാനത്തിയെ ഡി.കെ. ശിവകുമാര്‍.

മുംബൈ- രാജിക്കത്ത് സ്വീകരിക്കാത്ത കര്‍ണാടക സ്പീക്കര്‍ക്കെതിരെ വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സ്പീക്കര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുന്നുവെന്നും കാണിച്ചാണ് വിമത എം.എല്‍.എമാര്‍ സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാറിനെതിരെ ഹരജി സമര്‍പ്പിച്ചത്. മുംബൈയില്‍ കഴിയുന്ന വിമതരെ അനുനയിപ്പിക്കാന്‍ ഡി.കെ. ശിവകുമാര്‍ എത്തിയതിനു പിന്നാലെയാണ് സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പുതിയ നീക്കം. എം.എല്‍.എ മാര്‍ താമസിക്കുന്ന ഹോട്ടല്‍ ഉള്‍ക്കൊള്ളുന്ന പൊവായ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 144 പ്രഖ്യാപിച്ചു.

രാജി സ്വീകരിക്കാതെ ന്യൂനപക്ഷ സര്‍ക്കാരിന് ഒരവസരം കൂടി നല്‍കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് സ്പീക്കര്‍ നടപ്പിലാക്കുന്നതെന്ന് എം.എല്‍.എമാര്‍ ആരോപിക്കുന്നു. ഹരജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.

2018 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹരജി കോടതി പരിഗണിച്ചിരുന്നു. ഈ കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷയോടൊപ്പമാണ് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അന്നത്തെ കേസില്‍ ഇതുവരെ വാദം പൂര്‍ത്തിയായിട്ടില്ല. ഈ ഹരജി കൂടി പരിഗണിച്ച് അതില്‍ തീര്‍പ്പുണ്ടാക്കണമെന്നാണ് എം.എല്‍.എമാരുടെ വാദം.

കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വിളിക്കുന്നതിന് മുമ്പ് എം.എല്‍.എമാര്‍ രാജിക്കത്ത് നല്‍കിയിരുന്നു. നേരിട്ട് രാജി നല്‍കിയിട്ടില്ല എന്ന സാങ്കേതികവശം രാജി സ്വീകരിക്കാതിരിക്കാനുള്ള കാരണമായി സ്പീക്കര്‍ പറയുന്നുണ്ടെങ്കിലും അത് എം.എല്‍.എ മാര്‍ അംഗീകരിക്കുന്നില്ല.

 

 

 

Latest News