കാസർകോട് - മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ആസന്നമായതോടെ സിറ്റിംഗ് സീറ്റിൽ സ്ഥാനാർഥിത്വം ഉറപ്പിക്കാൻ മുസ്‌ലിം ലീഗിൽ നാലു പേർ രംഗത്ത്. പാർട്ടി നേതൃത്വത്തിന്റെ സാധ്യത പട്ടികയിലും നാലു പേരുകൾ ഇടം പിടിച്ചിട്ടുണ്ട്. യു.ഡി.എഫിന് മണ്ഡലത്തിൽ നിലവിൽ 11,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2016 ലെ തെരഞ്ഞെടുപ്പിൽ ലീഗിലെ പി.ബി അബ്ദുൽ റസാഖ് 89 വോട്ടിനാണ് വിജയിച്ചിരുന്നത്.
ഹൈക്കോടതി വിധി വരുന്നതോടെ തെരഞ്ഞെടുപ്പ് രംഗത്തിനു ചൂടുപിടിക്കും. അതിന് മുമ്പ് തന്നെ സ്ഥാനാർഥയെ നിശ്ചയിച്ചു രംഗത്തിറങ്ങാനാണ് യു.ഡി. എഫിന്റെ നീക്കം. മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ എം.സി ഖമറുദ്ദീൻ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം അഷ്റഫ്, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.സി ബഷീർ, പൊതുമരാമത്ത് കരാറുകാരനും മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി എന്നിവരാണ് സ്ഥാനാർഥി പട്ടികയിലുള്ളത്. ഇവരിൽ ആരെ പരിഗണിക്കണമെന്ന് ചർച്ച ചെയ്യുകയാണ് സംസ്ഥാന നേതൃത്വം. അവസാന റൗണ്ടിൽ എം.സി ഖമറുദ്ദീനും എം.കെ.എം അഷ്‌റഫും എത്തുമെന്നാണ് കരുതുന്നത്. നാല് പേരും സീറ്റിന് വേണ്ടി സമ്മർദം മുറുക്കിയാൽ സമവായ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വരും. നാട്ടുകാരൻ അല്ലെന്ന കുറവ് ഖമറുദ്ദീന്റെ കാര്യത്തിൽ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേ, സമയം സംസ്ഥാന ഭാരവാഹി എന്ന നിലയിൽ എ.കെ.എം. അഷ്റഫ് യൂത്ത് ലീഗ് നേതൃത്വത്തിന് സ്വീകാര്യനാണ്. എ. ജി.സി ബഷീറിന്റെ എം എൽ എ മോഹത്തിന് തടസ്സമാകുന്നത് നാട്ടുകാരൻ തന്നെയായ ഖമറുദ്ദീന്റെ രംഗപ്രവേശമാണ്. അതേസമയം മണ്ഡലത്തിൽ നിന്നുള്ളയാൾ തന്നെ സ്ഥാനാർഥിയാവണമെന്ന വികാരത്തിലാണ് മഞ്ചേശ്വരത്തെ ലീഗ് പ്രവർത്തകർ. മഞ്ചേശ്വരത്തെ യു.ഡി.എഫിന്റെ സാധ്യതകളും ആശങ്കകളും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ കാസർകോട് ജില്ലാ കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിലാണ് മുസ്‌ലിം ലീഗ്. ഈ മാസം അവസാനത്തോടെ പഞ്ചായത്ത് തല കൺവെൻഷനുകൾ തുടങ്ങും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വേണ്ടി പ്രത്യേക ടീമിനെ നിയോഗിക്കാനാണ് തീരുമാനം. പാർലമെന്റ് തെരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് ലീഗ് പ്രവർത്തക സമിതി യോഗത്തിൽ കാസർകോട് ജില്ലാ കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.