ദുബായ്- യു.എ.ഇയിലെ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വീണ്ടും ഭാഗ്യസമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ മിലെനിയം മില്യനയര്‍ നറുക്കെടുപ്പിലാണ് രണ്ടു പേര്‍ക്കും പത്തുലക്ഷം ഡോളര്‍ വീതം ലഭിച്ചത്.
ജയ ഗുപ്ത, രവി രാംചന്ദ് ബചാനി എന്നിവരാണ് ഭാഗ്യസമ്മാനം ലഭിച്ചവര്‍. ചൊവ്വാഴ്ചയാണ് ഡി.ഡി.എഫ് നറുക്കെടുപ്പ് നടന്നത്.
മറ്റൊരു ഇന്ത്യക്കാരന് മെര്‍സിഡസ് ബെന്‍സ് കാറും സമ്മാനമായി ലഭിച്ചു.
71 കാരിയായ ജയ ഗുപ്ത ദുബായില്‍ ബിസിനസ് ചെയ്യുകയാണ്. ഭാഗ്യസമ്മാനം ദൈവത്തിനും അമ്മക്കും സമര്‍പ്പിക്കുന്നതായി അവര്‍ പറഞ്ഞു. 35 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ഇവര്‍ 15 വര്‍ഷമായി സ്ഥിരം ഡിഡിഎഫ് ടിക്കറ്റുകള്‍ എടുക്കാറുണ്ട്. അമ്മയെ സന്ദര്‍ശിക്കാന്‍ ഈയിടെ മുംബൈക്ക് പോകുന്നതിന് തൊട്ടുമുമ്പെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എല്ലാ വര്‍ഷവും ആറ് തവണയെങ്കിലും താന്‍ നാട്ടില്‍ പോകാറുണ്ട്. ഓരോ പ്രാവശ്യവും ഡിഡിഎഫ് ടിക്കറ്റെടുക്കാറുണ്ട്.
മറ്റൊരു ഭാഗ്യജേതാവ് 37 കാരനായ രവി രാംചന്ദ് ബചാനി 14 വര്‍ഷമായി ദുബായിലുണ്ട്. ദുബായില്‍ വസ്ത്രബിസിനസ് ചെയ്യുന്ന ഇദ്ദേഹം സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. ഈദ് അവധിക്കാലത്ത് ഭാര്യയോടൊപ്പം ക്രോയേഷ്യയിലേക്ക് പോകാനെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍നിന്ന് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.