ന്യൂദൽഹി- രാജ്യത്തെ നികുതിദായകർ തങ്ങളുടെ ആധാർ നമ്പറുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി. ശനിയാഴ്ച മുതൽ ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതു നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വ്യക്തി ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്നതു തടയുന്നതിനു വേണ്ടിയാണ് സർക്കാറിന്റെ നടപടി.
നിലവിലെ ആദായ നികുതി നിയമത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാറിന്റെ നടപടി. ഇതു പ്രകാരം പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ 12 അക്ക ആധാർ നമ്പർ നിർബന്ധമാണ്. ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ ആദായ നികുതി അടയ്ക്കാനാവില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
2.07 കോടി നികുതി ദായകർ ഇതിനകം ആധാർ നമ്പറുമായി പാൻ കാർഡ് ബന്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് 25 കോടി ആളുകൾക്കാണ് പാൻ കാർഡുള്ളത്. 110 കോടി ജനങ്ങൾ ആധാർ എടുത്തുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് സവിശേഷ തിരിച്ചറിയിൽ രേഖയായ ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി ചൊവ്വാഴ്ച വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം. പാൻ കാർഡ് എടുക്കുന്നതിനും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ആധാർ വേണമെന്ന വ്യവസ്ഥ നേരത്തെ സുപ്രീം കോടതി ശരിവെച്ചിരുന്നു. എന്നാൽ ആധാർ നിർബന്ധമാക്കുന്നത് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിലക്കുകയുമുണ്ടായി. ഭരണഘടനാ ബെഞ്ച് ഇക്കാര്യം തീർപ്പു കൽപിക്കും വരെ ആണ് സ്‌റ്റേ. കേസ് അടുത്ത മാസം ഏഴിനു വീണ്ടും കോടതി പരിഗണിക്കാനിരിക്കുകയാണ്.