കൊച്ചി- ഗോൾ കീപ്പിംഗിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് രാജ്യത്തെ ആദ്യത്തെ ഗോൾ കീപ്പിംഗ് അക്കാദമി കൊച്ചിയിൽ ആരംഭിക്കുന്നു. മുൻ ഇംഗ്ലീഷ് താരം ജോൺ ബുറിഡ്ജ് പ്രതിഭകളെ കണ്ടെത്തുകയും അക്കാദമിയിൽ പരിശീലിപ്പിക്കുകയും ചെയ്യും. ഫുട്ബോൾ താരങ്ങളിൽ ഗോൾ കീപ്പിംഗ് കഴിവ് വികസിപ്പിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബ് അധികൃതർ പറഞ്ഞു. രാജ്യാന്തര തലത്തിൽ ഉള്ള മികവ് താരങ്ങളിൽ രൂപപ്പെടുത്തും. തുടക്കത്തിൽ സീനിയർ ടീമിലും റിസർവ് ടീമിലും പിന്നീട് യുവ താരങ്ങളിലും ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു ഗോൾ കീപ്പർക്ക് കൃത്യമായ നൈപുണ്യവും ഗുണഗണങ്ങളും ആവശ്യമുണ്ട്. ഇതിന് പ്രത്യേകമായ കോച്ചിംഗ് സമീപനം വേണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇഒ. വിരെൻ ഡി സിൽവ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരായി ഇന്ത്യയിലെ പ്രതിഭകളെ വളർത്തിയെടുക്കലാണ് തങ്ങളുടെ ലക്ഷ്യം. ഇപ്പോൾ തന്നെ അനുയോജ്യമായ ശാരീരിക ക്ഷമതയും കഴിവും ഉള്ള ആളുകളെ അക്കാദമിയിലേക്ക് തേടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും മികച്ച അനുഭവ പരിചയം ഉള്ള ജോൺ ബുറിഡ്ജ്ഈ അക്കാദമിക്ക് തീർത്തും അനുയോജ്യനായ കോച്ചും കൺസൾട്ടന്റും ആണെന്നും വിരെൻ ഡി സിൽവ പറഞ്ഞു. ബുറിഡ്ജ് ഇംഗ്ളീഷ്, സ്കോട്ടിഷ് ലീഗുകളിലായി 771 മൽസരങ്ങളിൽ കളിച്ചിട്ടുണ്ട്. 29 വർഷത്തെ കരിയറിൽ 31 ടീമുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫുട്ബോൾ കളിയോടുള്ള കേരളത്തിന്റെ ആവേശത്തിൽ താൻ പൂർണ തൃപ്തൻ ആണെന്നും ഫുട്ബോളിൽ മികച്ച കഴിവുള്ളവരുടെ ഇടം ആണിതെന്നു തനിക്കുറപ്പുണ്ടെന്നും ജോൺ ബുറിഡ്ജ് പറഞ്ഞു. യുവതാരങ്ങളെ ഗോൾ കീപ്പിംഗിൽ പരിശീലിപ്പിച്ച് ഗോൾകീപ്പർമാരുടെ ഒരു പുതുതലമുറയെ കേരളത്തിനും ഇന്ത്യക്കായി വാർത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജോൺ ബുറിഡ്ജ് പറഞ്ഞു.