ന്യൂദല്‍ഹി- വേറിട്ട് താമസിച്ച ദമ്പതികള്‍ക്ക് 24 വര്‍ഷത്തിനുശേഷം ദല്‍ഹി ഹൈക്കോടതി വിവാഹ മോചനം അനുവദിച്ചു. നീണ്ടുപോകുന്ന കോടതി വ്യവഹാരം എങ്ങനെ വ്യക്തി ജീവിതം തകര്‍ക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ കോടതി വിധി.
1988 ലായിരുന്നു ഇവരുടെ വിവാഹം. 1995 വരെ മാത്രമാണ് ഇണങ്ങിയും പിണങ്ങിയും ഒരുമിച്ച് താമസിച്ചത്. കേസുകള്‍ നീട്ടിക്കൊണ്ടു പോകുന്നത് ഇത്തരം പരാതികള്‍ നല്‍കുന്നവര്‍ തന്നെയാണെന്ന് വിമാഹ മോചനം അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് രാജീവ് സഹായ് എന്‍ഡ്‌ലോ പറഞ്ഞു.
വിശദമായ വാദങ്ങള്‍ നടത്തുകയും തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് വിസ്താരം പൂര്‍ത്തിയാക്കാനും വിധിയെഴുതാനും സമയമെടുക്കുന്നത്. കീഴ്‌ക്കോടതി നല്‍കിയ ഉത്തരവ് ശരിയാണെന്നു തോന്നിയാല്‍ വിവാഹ മോചന കേസുകളില്‍ അപ്പീല്‍ നീട്ടിക്കൊണ്ടു പോകാതെ ഉടന്‍ തന്നെ തീര്‍പ്പു കല്‍പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സര്‍ക്കാര്‍ ഡോക്ടറുമായിരുന്നു കേസിലെ കക്ഷികള്‍. തീര്‍പ്പാകുന്നതിനു മുമ്പ് രണ്ട് ദീര്‍ഘമായ കേസുകളാണ് നടന്നത്. 1995 ല്‍ വേറിട്ട് താമസിക്കാന്‍ തുടങ്ങിയ ഉടന്‍ ക്രൂരത ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹ മോചനത്തിന് ഹരജി നല്‍കിയിരുന്നു. വിചാരണ കോടതി ഹരജി തള്ളിയതോടെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 2002 വരെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ കിടന്നു.
2008 ല്‍ ഭര്‍ത്താവിന്റെ ഹരജി കോടതി അംഗീകരിച്ചപ്പോള്‍ ഉത്തരവ് ഭാര്യ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പുനര്‍വിവാഹത്തില്‍നിന്ന് തടഞ്ഞു കൊണ്ടായിരുന്നു കോടതിയുടെ സ്‌റ്റേ. കീഴക്കോടതി നല്‍കിയ ഉത്തരവ് ശരിയാണെന്ന് തെളിയിക്കാന്‍ ഒരു ദശാബ്ദമാണെടുത്തത്.