ന്യൂദല്‍ഹി- റണ്‍വേയിലിറങ്ങിയ വിമാനം തൊട്ടു മുന്നിലെത്തിയ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പറന്നുയരുന്ന വീഡിയോ ഗെയിം ദൃശ്യം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത്
പാക്കിസ്ഥാന്‍ രാഷ്ട്രീയ നേതാവ് ഇളിഭ്യനായി.
പാക്കിസ്ഥാന്‍ അവാമി തഹ്‌രീക് സെക്രട്ടറി ജനറല്‍ ഖുറം നവാസ് ഗണ്ടാപുരാണ് സമൂഹ മാധ്യമങ്ങളില്‍ പരിഹാസത്തിനിരയായത്. അപകടത്തില്‍നിന്ന് വിമാനം രക്ഷപ്പെടുന്നത് യഥാര്‍ഥ സംഭവമാണെന്ന് തെറ്റിദ്ധരിച്ച് ഇദ്ദേഹം സ്വന്തം ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
പൈലറ്റിന്റെ മനസാന്നിധ്യത്തെ പ്രകീര്‍ത്തിക്കുന്നതായിരുന്നു ട്വീറ്റ്. വിമാനം പറന്നിറങ്ങി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടാങ്കര്‍ ലോറി മുന്നിലെത്തുന്നതും വിമാനം വാഹനത്തില്‍ ഇടിക്കാതെ വീണ്ടും പറന്നുയരുന്നതുമാണ് വീഡിയോയിലുള്ളത്.
അബദ്ധം മനസ്സിലാക്കി ഖുറം പിന്നീട് വീഡിയോ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അതിന് മുമ്പേ 1500 പേര്‍ അത് റീട്വീറ്റ് ചെയ്തിരുന്നു.