ന്യൂദല്‍ഹി-മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വിവാദത്തിലാക്കി ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജന്‍സിയായ റോയിലെ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്) മുന്‍ ഉദ്യോഗസ്ഥന്‍ എന്‍.കെ. സൂദ് വീണ്ടും രംഗത്ത്.
ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ ഹാമിദ് അന്‍സാരി റോയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും സൂദ് ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും കത്തു നല്‍കിയെന്ന പേരിലാണ് നേരത്തെ തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും വിവാദമാക്കാനുള്ള ശ്രമം.
1990-92 കാലയളവിലാണ് അന്‍സാരി ഇറാനില്‍ അംബാസഡറായിരുന്നത്.
ഇറാന്‍ സര്‍ക്കാരുമായും അവരുടെ ഇന്റലിജന്‍സ് ഏജന്‍സിയായ സാവകുമായി സഹകരിച്ച് ഹാമിദ് അന്‍സാരി ഇന്ത്യയുടെ ദേശീയ താല്‍പര്യം ബലി കഴിച്ചുവെന്നാണ് ആരോപണം. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ടുപോയപ്പോള്‍ ഇന്ത്യയുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് അന്‍സാരി ഒന്നും ചെയ്തില്ലെന്നാണ് പ്രധാന ആക്ഷേപം. ഇറാനിലെ റോ ഓഫീസുകള്‍ അടച്ചുപുട്ടാനും അക്കാലത്ത് അന്‍സാരി നിര്‍ദേശിച്ചുവെന്ന് 2010 ല്‍ റോയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ സൂദ് ആരോപിക്കുന്നു. 1979 ല്‍ സാവക് പിരിച്ചുവിട്ട ഇറാന്‍ പുതിയ രഹസ്യാന്വേഷണ ഏജന്‍സി രൂപീകരിച്ചിരുന്നു.
1991 മെയ് മാസത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനായ സന്ദീപ് കപൂറിനെ ടെഹ്റാന്‍ വിമാനത്താവളത്തില്‍വെച്ച് തട്ടിക്കൊണ്ടുപോയപ്പോള്‍ സാവക് ആയിരുന്നു അതിനു പിന്നിലെന്നും എന്നാല്‍ ഹാമിദ് അന്‍സാരി മറ്റൊരു റിപ്പോര്‍ട്ടാണ് വിദേശകാര്യ മന്ത്രാലയത്തിനു നല്‍കിയതെന്നും സൂദ് ആരോപിക്കുന്നു. ഇറാനിലെ ഒരു സ്ത്രീയുമായുള്ള ബന്ധമാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെന്നും അയാളുട പ്രവര്‍ത്തനം സംശയാസ്പദമാണെന്നുമാണ് ഹാമിദ് അന്‍സാരി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
കപൂര്‍ റോഡരികില്‍ കിടക്കുന്നതായി മൂന്ന് ദിവസത്തിന് ശേഷം ഇന്ത്യന്‍ എംബസിയിലേക്ക് ഒരു അജ്ഞാത ഫോണ്‍ സന്ദേശമെത്തുകയായിരുന്നു. അദ്ദേഹത്തിന് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്നും അതിന്റെ ആഘാതം വര്‍ഷങ്ങളോളം നീണ്ടുനിന്നുവെന്നും സൂദ് പറയുന്നു. ഇറാനിയന്‍ വിദേശകാര്യ കാര്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രതിഷേധം രേഖപ്പെടുത്താനും റോ ആവശ്യപ്പെട്ടിട്ടും അന്‍സാരി ചെവിക്കൊണ്ടില്ല.
1991 ഓഗസ്റ്റില്‍ ഇറാനിലെ മതകേന്ദ്രമായ ഖും സന്ദര്‍ശിച്ച് ആയുധ പരിശീലനം നടത്തുന്ന കശ്മീരി യുവാക്കള്‍ക്കെതിരെ റോ നടപടി സ്വീകരിച്ചപ്പോള്‍ അതിനു നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥന്റെ പേര് അന്‍സാരി സാവകിനു ചോര്‍ത്തി നല്‍കിയെന്നും അങ്ങനെ ഡി.ബി.മാഥൂര്‍ എന്ന ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയെന്നുമാണ് മറ്റൊരു ആരോപണം.
ടെഹ്‌റാനില്‍വെച്ച് പാക്കിസ്ഥാനി അംബാസഡറുമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്നും ഇക്കാര്യം വിദേശ മന്ത്രാലയത്തില്‍ അറിയിച്ചിരുന്നില്ലെന്നും 1993 മധ്യത്തില്‍ അന്‍സാരിയെ സ്ഥലം മാറ്റിയപ്പോള്‍ ഇറാനിലെ ഇന്ത്യന്‍ എംബസിയില്‍ ആഘോഷമായിരുന്നുവെന്നും സൂദ് പറയുന്നു.