ഭോപ്പാല്‍- ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദ്ദനം. മദ്ധ്യപ്രദേശിലെ ഖന്‍ഡ്വ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയിലേക്ക് പശുക്കളെ കടത്തിയെന്നാരോപിച്ച് 25 പേരെ മര്‍ദ്ദിച്ച ശേഷം ഒരു കയറില്‍ കെട്ടി ആള്‍ക്കൂട്ടം രണ്ട് കിലോ മീറ്റര്‍ അകലെയുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിച്ചു.
സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വടിയും ആയുധങ്ങളുമായി ആള്‍ക്കൂട്ടം ഇവരെ നിലത്തിരുത്തി ജയ് ഗോമാതാ വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം സുരക്ഷാ പ്രശ്‌നം മുന്‍നിറുത്തി വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്.
ഖല്‍വാസ് പ്രദേശത്തെ സന്‍വലിഖേദ ഗ്രാമത്തിലാണ് സംഭവം. അനുമതിയില്ലാതെ പശുവിനെ കടത്തിയവര്‍ക്കെതിരെയും ഇവരെ മര്‍ദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.