കൊണ്ടോട്ടി- ഹജ് തീർഥാടകരും അവരെ യാത്രയയക്കാനെത്തിയ ബന്ധുക്കളും ഒരുമിച്ചതോടെ കരിപ്പൂർ ഹജ് ഹൗസ് പരിസരം തിരക്കിൽ വീർപ്പുമുട്ടി. ഇന്ന് പുറപ്പെടേണ്ട മൂന്ന് ഹജ് വിമാനങ്ങളിലായി പോകാനുളള 900 തീർഥാടകരും, അവരുമായി എത്തിയ ബന്ധുക്കളും, ഇന്നലെ ആദ്യ ഹജ് സംഘത്തിലെ 600 പേരും ഇവരുടെ യാത്രയയപ്പ് കാണാനെത്തിയവരും ഹജ് ഹൗസിലെത്തിയതാണ് കനത്ത തിരക്കിന് കാരണം.
ആദ്യ വിമാനത്തിലെ തീർഥാടകർക്ക് രേഖകൾ കൈമാറി യാത്രാ വേളയിൽ പാലിക്കേണ്ട നിർദേശങ്ങൾ നൽകി പ്രത്യേകം എത്തിച്ച ബസുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. തീർഥാടകരെ ബസിൽ കയറ്റുന്നതിനിടയിലും യാത്ര പറയുന്നതിനായാണ് ബന്ധുക്കളെത്തുന്നത്. വൃദ്ധർ മുതൽ കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ വരെ ഇവരിലുണ്ട്. രണ്ടു വിമാനങ്ങളിലേയും തീർഥാടകരെ പൂർണമായും ഉച്ചക്ക് ഒരു മണിയോടെയാണ് വിമാനത്താവളത്തിലെത്തിച്ചത്. 133 പുരുഷന്മാരും 167 സ്ത്രീകളും ഉൾെപ്പടെ 300 പേരാണ് ആദ്യ വിമാനത്തിൽ യാത്രയായത്. വൈകിട്ട് മൂന്ന്് മണിക്കുളള രണ്ടാമത്തെ വിമാനത്തിൽ 140 പുരുഷന്മാരും 160 സ്ത്രീകളും ഉൾപ്പെടെ 300 തീർഥാടകരും പുറപ്പെട്ടു.
ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 പേരാണ് യാത്രയാകുന്നത്. ഇവരുമായി എത്തിയ ബന്ധുക്കളും ഹജ് ഹൗസ് പരിസരത്തെത്തിയോടെ തിരക്ക് കൂടി. ഹജ് വളണ്ടിയർമാരും പോലീസും ഇവരെ നിയന്ത്രിക്കാനും പെടാപ്പാട് പെട്ടു. വാഹനങ്ങളുടെ നീണ്ട നിരയാണ് വിമാനത്താവള റോഡിലും ഹജ് ഹൗസ് പരിസരത്തുമുണ്ടായത്. ഇന്നു പുറപ്പെടുന്ന ആദ്യ വിമാനം രാവിലെ 8.40 നും രണ്ടാമത്തേത് ഉച്ചക്ക് 1 മണിക്കും, മുന്നാമത്തേത് വൈകിട്ടുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.