- ഗാന്ധിജിയുടെ 150 ാം ജന്മവാർഷികം
തിരുവനന്തപുരം- ഗാന്ധിജിയുടെ 150 ാം ജന്മവാർഷികം പ്രമാണിച്ച് ആറ് ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ജെ. ജോസ്, സി. അഭിലാഷ്, രാജുപോൾ എന്നിവരെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു ജി. സുരേന്ദ്രൻ, ജി. കണ്ണൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവരെയുമാണു മോചിപ്പിക്കുന്നത്.
37 തടവുകാരുടെ പട്ടികയാണു സർക്കാർ നിയോഗിച്ച ഉന്നതതല സമിതി നൽകിയത്. ഇതിൽ ഗവർണറുടെ അംഗീകാരത്തോടെ ആറു പേരെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടു. പട്ടികയിലെ മറ്റു ചിലർ ശിക്ഷ ഇളവില്ലാതെ തന്നെ ഇതിനോടകം കാലാവധി പൂർത്തിയാക്കി മോചിതരായെന്നു ജയിൽ അധികൃതർ പറഞ്ഞു.
തടവുകാരെ വിട്ടയക്കാൻ സർക്കാർ സമർപ്പിച്ച വലിയ പട്ടിക ഗവർണർ നേരത്തെ മടക്കി അയച്ചിരുന്നു. തടവുപുള്ളികളുടെ വിശദാംശങ്ങൾ ഫയലിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്ന കാരണം പറഞ്ഞാണ് മടക്കിയത്. നിയമ സെക്രട്ടറി ഫയലിൽ ഒപ്പിടാതിരുന്നതും ഗവർണർ ചൂണ്ടിക്കാട്ടി.
ഓരോരുത്തരുടെയും കേസിന്റെ വിശദവിവരം ഉൾപ്പെടുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
പട്ടികയിലെ 37 പേർക്കാണു ഇപ്പോൾ മോചനം സാധ്യമാകുന്നത്. 126 പേരുടെ പട്ടികയാണു ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്തത്. ഒരു മാസം മുതൽ ഒന്നര വർഷം വരെയാണു ശിക്ഷാ കാലയളവിൽ ഇളവ് നൽകുന്നത്. നല്ലനടപ്പുകാരായ തടവുകാർക്കു മുന്നു ഘട്ടങ്ങളിലായി പ്രത്യേക ശിക്ഷാ ഇളവ് നൽകി വിട്ടയയക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഫയൽ മന്ത്രിസഭാ യോഗം പരിഗണിച്ചത്.