ചെന്നൈ-പിന്നിലെ നാലു ടയറുകള്‍ക്ക് പകരം രണ്ട് ടയറുകളുമായി യാത്രചെയ്യുന്ന സര്‍ക്കാര്‍ ബസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പൊള്ളാച്ചിയില്‍നിന്നും തിരുപ്പൂരിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബസിനു പിന്നില്‍ സഞ്ചരിച്ചിരുന്ന യാത്രികരാണ് ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
ടയര്‍ വാങ്ങാന്‍ പോലും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് ഗതിയില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ചിത്രം വൈറലായതോടെ സംഭവത്തില്‍ വിശദീകരണവുമായി ട്രാന്‍സ്‌പോര്‍ട്ട് അധികൃതരും രംഗത്തെത്തി. ഉപയോഗശൂന്യമായ ബസ് പൊളിച്ചു മാറ്റാന്‍ ഈറോഡ് ഡിപ്പോയിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണുന്നതെന്നും ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്നുമാണ് അധികൃതരുടെ വാദം.
കൂടുതല്‍ ഭാരം വഹിക്കുന്ന വാഹനമായതുകൊണ്ടുതന്നെ ബസിനുപിന്നില്‍ നാല് ടയറുകള്‍ നിര്‍ബന്ധമാണ്. വാഹനങ്ങളുടെ സ്ഥിരത വര്‍ദ്ധിപ്പിക്കാനാണ് ടയറുകളുടെ എണ്ണം കൂട്ടുന്നത്. വാഹനങ്ങളുടെ ഭാരംവഹിക്കുന്ന ശേഷി അനുസരിച്ച് ടയറുകളുടെ എണ്ണം പിന്നെയും കൂടും. അതുകൊണ്ടു തന്നെ പിന്നില്‍ നാലു ടയറുകള്‍ ഇല്ലാതെയുള്ള ബസുകളുടെ ഓട്ടം അപകടകരമാണ്.