Sorry, you need to enable JavaScript to visit this website.

എല്ലാ ഇന്ത്യൻ ഹാജിമാരുടേയും  പാർപ്പിടം മിനാ അതിർത്തിക്കകത്ത് 

അംബാസഡർ ഡോ. ഔസാഫ് സഈദ്
  • ടെന്റുകളിൽ ഇരട്ട നിലകളിലുള്ള കട്ടിലുകൾ 

ജിദ്ദ- ഇന്ത്യയിൽനിന്നുള്ള മുഴുവൻ തീർഥാടകർക്കും പരമ്പരാഗതമായുള്ള മിനാ അതിർത്തിക്കുള്ളിൽതന്നെ താമസമൊരുക്കുമെന്ന് അംബാസഡർ ഡോ. ഔസാഫ് സഈദും, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും പറഞ്ഞു. ഈ വർഷം ഹാജിമാരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും മുൻ വർഷത്തേതു പോലെ 34 മക്തബുകളിലായിരിക്കും ഹാജിമാർ തമസിക്കുക. കഴിഞ്ഞ വർഷം ഹജ് കമ്മിറ്റി വഴി 1,25,000 ഹാജിമാരാണ് എത്തിയത്.  ഈ വർഷം 1,40,000 ആയി അതു വർധിച്ചിട്ടുണ്ട്. മിനായിൽ സ്ഥല വ്യാപ്തി കൂടാത്തതിനാൽ നിലവിലെ ടെന്റുകളിൽ കൂടുതൽ പരെ ഉൾക്കൊള്ളിച്ചായിരിക്കും അധികമായുള്ളവരെ ഉൾപ്പെടുത്തുക. 
ഇതിനായി ഇരട്ട നിലകളുള്ള കട്ടിലുകളൊരുക്കാനുള്ള നിർദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ഓരോ ടെന്റിലും 20 ഹാജിമാരെ കൂടുതലായി ഉൾക്കൊള്ളിക്കാനാണ് ഉദ്ദേശം. മിനായിൽ അഞ്ചു ദിവസവവും രണ്ടു നേരവും ഭക്ഷണം ലഭ്യമാക്കുന്നതിനും നപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. 
തിരു ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഹജ് മന്ത്രി ഡോ. മുഹമ്മദ് സാലേ ബിൻ താഹിർ ബന്ദന്റെയും നേതൃത്വത്തിൽ ഹാജിമാർക്കായി അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഇത് അഭിനന്ദനാർഹമാണെന്നും അംബാസഡർ പറഞ്ഞു. 
ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായി രണ്ടു ലക്ഷം തീർഥാടകർക്ക് അവസരം ലഭിച്ചത് ഇന്ത്യക്ക് അധിക ക്വാട്ട ലഭിച്ചതിനാലാണന്നും ഇത് രാജാവിന്റെയും കിരീടാവകാശിയുടെയും പ്രത്യേക താൽപര്യം കൊണ്ടാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു. 
20 വിമാനങ്ങളിലായി 5,038 ഹാജിമാരാണ് ഇതുവരെ ഇന്ത്യയിൽനിന്നുമെത്തിയത്. എല്ലാവരും മദീനയിലാണുള്ളത്. ഹാജിമാരുടെ താമസ, യാത്രാ സൗകര്യങ്ങൾ കുറ്റമറ്റതാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണ പാചകവും യാത്രാ സൗകര്യവുമില്ലാത്ത (എൻ.സി.എൻ.ടി) കാറ്റഗറിയിൽ 15,772 തീർഥാടകരാണ് എത്തുന്നത്. ഹറമിൽനിന്ന് ആയിരം മീറ്റർ പരിധിയിലാണ് ഇവർക്ക് താമസം. അവശേഷിക്കുന്നവരിൽ 1,21,909 ഹാജിമാർ  അസീസിയ കാറ്റഗറിയിലും 2,319 പേർ അഞ്ച് റൂബാത്തുകളിലുമാണ് താമസിക്കുക. 
ഹാജിമാരുടെ സേവനത്തിന് വിവിധ ഡിപ്പാർട്ടുമെന്റുകളിൽനിന്ന് ഡപ്യൂട്ടേഷനിൽ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമടക്കം 625 ഉദ്യോഗസ്ഥരാണ് എത്തിയിട്ടുള്ളത്. ഇതിൽ 101 പേർ വനിതകളാണ്. ഇതിൽ രണ്ട് ഹജ് ഓഫീസർമാരും 14 ഹജ് അസിസ്റ്റന്റുമാരും 36 ഡോക്ടർമാരും 49 പാരാ മെഡിക്കൽ സ്റ്റാഫും ഉൾപ്പെടും. മഹ്‌റം ഇല്ലാതെ 2,332 വനിതകളാണ് ഹജ് നിർവഹിക്കാനെത്തുന്നത്. ഇവർക്കായി വനിതകൾ മാത്രമുള്ള ഒരു ബ്രാഞ്ച് ഓഫീസും ഡിസ്‌പെൻസറിയുമുണ്ടാകും. 
70 നു മേൽ പ്രായമുള്ള ഹാജിമാർക്ക് പ്രത്യേക പരിചരണം നൽകി ഹറമിനു സമീപമുള്ള കെട്ടിടത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. ചികിത്സ തേടിയെത്തുന്ന ഹാജിമാരുടെ  ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ ഇ-മസിഹ സംവിധാനം വഴി ചികിത്സയുടെ മുഴുവൻ വിവരങ്ങളും ഏതു സമയവും ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 
മശാഇർ ട്രെയിൻ യാത്രക്കുള്ള അനുമതി എല്ലാ ഹാജിമാർക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. നാട്ടിൽ നിന്നു പോരുമ്പോൾ തന്നെ മൊബൈലിയുടെ സിംകാർഡ് ഹാജിമാർക്ക് നൽകുന്നുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യുന്നതിന് ഫിംഗർ പ്രിന്റ് അനിവാര്യായതിനാൽ അതിനുള്ള സൗകര്യങ്ങൾ എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുണ്ട്. 
മക്കയിലെ പ്രധാന ഹജ് ഓഫീസിൽ സ്വകാര്യ ഹാജിമാർക്കുൾപ്പെടെ ഹാജിമാർക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ഇൻഫർമേഷൻ ഡസ്‌ക്, ജനറൽ വെൽഫെയർ, മദീന മൂവ്‌മെന്റ്, ട്രാൻസ്‌പോർട്ട്, മീഡിയ സെന്റർ, കംപ്യൂട്ടർ സെൽ, ഹറം ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ പ്രത്യേക ഓഫീസുകളുണ്ടാവും. 
ഹാജിമാരുടെ സേവനത്തിന്  സന്നദ്ധമായിട്ടുള്ള അയ്യായിരം വളണ്ടിയർമാരെ കോർഡിനേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 
ഹജ് കോൺസൽ വൈ. സാബിറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
 

Latest News