Sorry, you need to enable JavaScript to visit this website.

പോര്‍വിമാനങ്ങള്‍ക്ക് ഭീഷണിയായി പ്രാവുകള്‍; പരാതിയുമായി വ്യോമസേന

അംബാല- ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ക്ക് പ്രാവുകളില്‍നിന്ന് ഭീഷണി.  അംബാലയിലെ മുന്‍നിര വ്യോമത്താവളം റഫേല്‍ യുദ്ധ വിമാനങ്ങളെ കൂടി സ്വീകരിക്കാനിരിക്കേയാണ്  ചുറ്റും നാട്ടുകര്‍  വളര്‍ത്തുന്ന പ്രാവുകളെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നത്.  പ്രദേശത്തെ പല വീടുകളിലും പ്രാവുകളെ വളര്‍ത്തുന്നുണ്ടെന്നും ഇത് വ്യോമത്താവളത്തിനു സമീപമായതിനാല്‍ യുദ്ധ വിമാനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും വ്യോമസേനാ വൃത്തങ്ങള്‍ പറയുന്നു.
വ്യോമസേനാ കേന്ദ്രത്തിനു ചുറ്റുമുള്ള പ്രദേശത്ത് പ്രാവുകളെ വളര്‍ത്തുന്നത് തടയണമന്ന ആവശ്യവുമായി ഉദ്യോഗസ്ഥര്‍ പ്രാദേശിക അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കയാണ്. ഏറ്റവും ഒടുവില്‍ ഒരു ജാഗ്വാര്‍ വിമാനത്തിനു പ്രാവിടിച്ചിരുന്നു. വിമാനത്തിന്റെ വലിയ ശബ്ദമൊന്നും പ്രാവുകളെ അകറ്റുന്നില്ല. വിമാനത്തിന്റെ എന്‍ജിനിലാണ്  പ്രാവന്നിടിച്ചത്.
അടുത്ത വര്‍ഷം മെയ് 20 മുതലാണ് റഫാല്‍ പോര്‍വിമാനങ്ങള്‍
അംബാല വ്യോമത്താവളത്തില്‍ എത്തിത്തുടങ്ങുക. അംബാലയിലെ   17 സ്‌ക്വാഡ്രണിലാണ് റഫാല്‍ ഉള്‍പ്പെടുത്തുന്നത്. ഭീഷണി ഗുരുതരമായതിനാല്‍ വ്യോമകേന്ദ്രത്തിന് ചുറ്റും ആരെയും പ്രാവുകളെ വളര്‍ത്താന്‍ അനുവദിക്കരുതെന്നാണ് സേനയുടെ ആവശ്യം.  
കഴിഞ്ഞയാഴ്ച, പ്രാവ് എന്‍ജിനില്‍ ഇടിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ ജാഗ്വാര്‍ പൈലറ്റിന് ഇന്ധന ടാങ്കുകള്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നുവെങ്കിലും വിമാനം അംബാല എയര്‍ബേസില്‍ സുരക്ഷിതമായി ഇറക്കാന്‍ കഴിഞ്ഞു.
പരിശീലന പറക്കല്‍ നടത്തുമ്പോഴാണ് ജാഗ്വാറിന്റെ എന്‍ജിനില്‍ പ്രാവിടിച്ചത്. ഇന്ധന ടാങ്കുകളും വിമാനത്തിലെ പത്ത് കിലോ പ്രാക്ടീസ് ബോംബുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പുറന്തള്ളിയാണ് പൈലറ്റിന് വിമാനത്തെ നിയന്ത്രിക്കാനും സുരക്ഷിതമായി നിലത്തിറക്കാനും സാധിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
പൈലറ്റിന്റെ മനസ്സാന്നിധ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട്  പക്ഷി ഇടിച്ച സംഭവത്തിന്റെ  48 സെക്കന്‍ഡ്  വീഡിയോ വ്യോമസേന പുറത്തുവിട്ടിരുന്നു.  പൈലറ്റിന്റെ മനസ്സാന്നിധ്യം യുദ്ധവിമാനത്തെയും  വ്യോമസേനാ കേന്ദ്രത്തിനു സമീപം താമസിക്കുന്ന നിരവധി സിവിലിയന്മാരുടെ ജീവനുമാണ് രക്ഷിച്ചത്. വ്യാഴാഴ്ച രാവിലെ 7.45 നാണ് യുവ പൈലറ്റ് വ്യോമസേനാ താവളത്തില്‍നിന്ന് പരിശീലനത്തിനായി വിമാനം ടേക്ക് ഓഫ് ചെയ്തിരുന്നത്.  

 

Latest News