റിയാദ് - ഫൈസലിയ ഡിസ്ട്രിക്ടിൽ എയർ കണ്ടീഷനറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഫ് ളാറ്റില്‍ പുക നിറഞ്ഞ് ശ്വാസംമുട്ടി അഞ്ചംഗ കുടുംബം ദാരുണമായി മരിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ സൗദി യുവാവ് മുഹമ്മദ് ശറാഹീലിയും ഭാര്യയും മൂന്നു മക്കളുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. മുഹമ്മദ് ശറാഹീലി (32), 27 കാരിയായ ഭാര്യ, മക്കളായ അദാരി (5), അബാദി (3), അലി (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.
ഇവർ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം.
ഫ് ളാറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ ഉടൻ മുഹമ്മദ് ശറാഹീലിയുടെ സഹോദരനുമായി ഫോണിൽ ബന്ധപ്പെട്ട് വിവരമറിയിച്ചു. വാതിൽ ബലം പ്രയോഗിച്ച് തുറന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള ഇവരുടെ ശ്രമം വിജയിച്ചില്ല. സിവിൽ ഡിഫൻസ് അധികൃതർ എത്തിയാണ് വാതിൽ തുറന്നത്. അപ്പോഴേക്കും മുഹമ്മദ് ശറാഹീലിയുടെ ഭാര്യയും മക്കളും മരണപ്പെട്ടിരുന്നു. മരണ വക്ത്രത്തിലായിരുന്ന യുവാവും വൈകാതെ അന്ത്യശ്വാസം വലിച്ചു.