റിയാദ് - ഔഷധ പരസ്യ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനും തൊഴിലാളികളുടെ പദവി ശരിയാക്കുന്നതിനും നേരത്തെ അനുവദിച്ച സാവകാശം ആറു മാസത്തേക്ക് കൂടി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ദീർഘിപ്പിച്ചു. മരുന്ന് കമ്പനികളും ഏജൻസികളും ഇതിനു മുമ്പായി പദവി ശരിയാക്കി നിശ്ചിത ശതമാനം സൗദിവൽക്കരണം നടപ്പാക്കൽ നിർബന്ധമാണെന്ന് ഫാർമസ്യൂട്ടിക്കൽസ് കമ്പനികളെയും ഏജൻസികളെയുംകൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് അറിയിച്ചു.
മരുന്ന് പരസ്യ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനും ആരോഗ്യ മന്ത്രിയുമായ ഡോ. തൗഫീഖ് അൽറബീഅ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ വർഷാവസാനത്തോടെ സർക്കാർ വകുപ്പുകളെയും ആശുപത്രികളെയും സമീപിക്കുന്ന മുഴുവൻ മെഡിക്കൽ റെപ്രസന്റേറ്റീവുകളും സൗദികളായിരിക്കണമെന്നും ഓരോ ആറു മാസത്തിലും മെഡിക്കൽ റെപ്രസന്റേറ്റീവ് മേഖലയിൽ 25 ശതമാനം തോതിൽ സൗദിവൽക്കരണം നടപ്പാക്കണമെന്നും ആരോഗ്യ മന്ത്രി നേരത്തെ നിര്‍ദേശിച്ചിരുന്നു.
മെഡിക്കൽ അഡ്വർടൈസിംഗ് റെപ്രസന്റേറ്റീവ് പ്രൊഫഷനിൽ വിദേശികളായ ഫാർമസിസ്റ്റുകൾക്ക് പ്രവർത്തനാനുമതി നൽകി കത്ത് നൽകുന്നതും മെഡിക്കൽ അഡ്വർടൈസിംഗ് റെപ്രസന്റേറ്റീവ് പ്രൊഫഷനിലേക്ക് വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് അനുമതി നൽകുന്നതും നിർത്തിവെക്കുമെന്നും ഒഴിവു വരുന്ന മെഡിക്കൽ റെപ്രസന്റേറ്റീവ് തസ്തികകളിൽ സൗദി ഫാർമസിസ്റ്റുകളെ നിയമിക്കുമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.