ഗുവാഹത്തി - മസ്തിഷ്ക ജ്വരം പടരുന്ന സാഹചര്യത്തിൽ ഡോക്ടർമാർക്ക് മുന്നറിയിപ്പുമായി അസം സർക്കാർ. ഡോക്ടർമാരുടെ അവധികൾ റദ്ദാക്കിയതിനു പുറമെ പരിശോധന അവഗണിക്കുന്ന ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പടരുന്ന മസ്തിഷ്ക ജ്വരം ഇതുവരെ 50 പേരുടെ ജീവനെടുത്തു. 190 പേർക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം നേരിടാൻ സർക്കാർ സുസജ്ജമാണെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ബീഹാറിലേതിനു സമാനമായ സാഹചര്യം തടയാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ശർമ്മ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച എല്ലാവർക്കും ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വീതം നൽകുന്നുണ്ടെന്നും ശർമ അറിയിച്ചു. ജ്വരം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മുൻകൂട്ടി അറിയാൻ കേന്ദ്രം ഒരു ഉന്നതതല ടീമിനെ അസമിലേക്ക് അയച്ചിരുന്നു. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ആരോഗ്യമന്ത്രി ഹർഷ് വർധൻ മറ്റൊരു കേന്ദ്ര ടീമിനെയും നിയോഗിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിൽ അസം സർക്കാരിനെ സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.