Sorry, you need to enable JavaScript to visit this website.

ഖുര്‍ആന്‍ കൈവശം വെച്ചാലും ശ്രീലങ്കയില്‍ അറസ്റ്റ്; വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടന

കൊളംബോ- ശ്രീലങ്കയില്‍ 200 ലേറെ പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണങ്ങള്‍ക്കുശേഷം നിസ്സാര കുറ്റങ്ങളുടെ പേരില്‍ നൂറു കണക്കിന് മുസ്ലിംകളെ ജയിലിലടച്ച് പീഡിപ്പിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടന.  
രാജ്യത്ത് മുസ്ലിംകള്‍ കുടത്ത വിവേചനമാണ് നേരിടുന്നതെന്നും അവരെ അക്രമികളില്‍നിന്ന് രക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഹ്യൂമന്‍ റൈറ്റസ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) കുറ്റപ്പെടുത്തി.
വിശുദ്ധ ഖുര്‍ആനും  മറ്റ് അറബി സാഹിത്യങ്ങളും കൈവശം വെക്കുന്നവരെ പോലും  ജയിലിടക്കുകയാണ്. മുമ്പ് തമിഴരെ കാരണമില്ലാതെ ജയിലിലടക്കുന്നതിന് ഉപയോഗിച്ച ഭീരത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കുപ്രസിദ്ധ നിയമം തന്നെയാണ് പോലീസ് നിരപരാധികളെ വേട്ടയാടാന്‍ ഉപയോഗിക്കുന്നത്.
ശ്രീലങ്കയില്‍ മുസ്ലിം വീടുകളും പള്ളികളും ബുദ്ധ മത തീവ്രവാദികള്‍ വ്യാപകമായി ആക്രമിക്കുകയാണെന്ന് 57 രാജ്യങ്ങളുടെ  കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി) കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് മനുഷ്യാവകാശ ഗ്രൂപ്പിന്റെ വിമര്‍ശം.
 
മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ജനങ്ങളെ ഇളക്കി വിടുന്നത്. ബുദ്ധമത പുരോഹിതന്മാരും മറ്റു ശക്തരുമാണ് ആക്രമണത്തിനു പ്രേരിപ്പിക്കുന്നത്.

ആള്‍ക്കുട്ട ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം രാഷ്ട്രീയപാര്‍ട്ടികളും ഉദ്യോഗസ്ഥരും അവസാനിപ്പിക്കണമെന്ന് ഹ്യൂമന്‍ റൈറ്റസ് വാച്ച് ആവശ്യപ്പെട്ടു.  
ജനസംഖ്യയുടെ ഒമ്പത് ശതമാനത്തോളം വരുന്ന മുസ്‌ലിംകള്‍ കഴിഞ്ഞ കാലങ്ങളിലും വിദ്വേഷത്തിനിരയായിട്ടുണ്ട്.   കഴിഞ്ഞ വര്‍ഷം ബുദ്ധമത തീവ്രവാദികള്‍ നിരവധി മുസ്‌ലിം കടകളും വീടുകളും കത്തിച്ചിരുന്നു.
2009 ല്‍ ഭൂരിപക്ഷം സിംഹളരും തമിഴ് വിഘടനവാദികളും തമ്മിലുള്ള യുദ്ധം അവസാനിച്ചതിനുശേഷം ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകള്‍ക്കുമെതിരെ ഏപ്രിലില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന അറിയപ്പെടാത്ത  സംഘടനയാണെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നത്.
ബോംബാക്രമണങ്ങള്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സാധിച്ച തൗഹീദ് ജമാഅത്തിനെ ഐ.എസിന്റെ അനുബന്ധമായാണ് കാണുന്നത്. തമിഴ് പുലികളെ ഉന്മൂലനം ചെയ്ത ശേഷം സര്‍ക്കാര്‍ ഭീകരവിരുദ്ധ നടപടികളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാലാണ് ചാവേര്‍ ആക്രമണങ്ങള്‍ക്ക വഴിയൊരുങ്ങിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Latest News