ബംഗളുരു-വായ്‌നാറ്റമുണ്ടെന്ന കാരണത്താല്‍ ആലിംഗനം ചെയ്യാന്‍ മടിച്ച യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. ബംഗളൂരു വില്‍സണ്‍ ഗാര്‍ഡണ്‍ സിറ്റി നിവാസി ഷോയിബ് ആണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇയാളുടെ സഹോദരനായ ഷഹീദിനും കത്തി കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമിയായ നബി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കലാസിപാളയം മാവല്ലി നഗറില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയ ഷോയിബിനെ ആലിംഗനം ചെയ്യാന്‍ നബി ശ്രമിച്ചു. എന്നാല്‍ വായ് നാറ്റം എന്ന് പറഞ്ഞ് ഷോയിബ് ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും, നബി കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഷോയിബ്
സഹോദരനായ ഷഹീദിനെ വിളിച്ചു വരുത്തി. മിനിറ്റുകള്‍ക്കുള്ളില്‍ സഹോദരന്‍ അവിടെയെത്തി. എന്നാല്‍ ഇയാളെയും കുത്തി പരിക്കേല്‍പ്പിച്ച ശേഷം നബി സ്ഥലം വിടുകയായിരുന്നു.
ഷോയിബും ഷഹീദും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിയായ നബി പിന്നീട് പൊലീസ് പിടിയിലായി. കൊലപാതകശ്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.