ന്യൂദല്‍ഹി- പീഡന ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടു വര്‍ഷമായി അധ്യാപികയെ പീഡിപ്പിച്ചു വരികയായിരുന്ന പ്രിന്‍സിപ്പലിനെ പോലീസ് അറസറ്റ് ചെയ്തു.
രണ്ടു വര്‍ഷം മുമ്പ് സ്‌പെഷ്യല്‍ ക്ലാസിന്റെ കാര്യം പറയാനെന്ന പേരില്‍ അധ്യാപികയെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് പ്രിന്‍സിപ്പല്‍ ആദ്യം പീഡിപ്പിച്ചത്. ന്യൂദല്‍ഹിയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാകേഷ് സിംഗിനെ സരിതവിഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂള്‍ പ്രവൃത്തി സമയം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസ് എടുക്കുന്നതിനെക്കുറിച്ച് പറയാനുണ്ടെന്ന് പറഞ്ഞാണ് പ്രിന്‍സിപ്പല്‍ അധ്യാപികയെ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി. അബോധാവസ്ഥയിലായ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ സ്‌കൂളിലെ മറ്റു രണ്ട് അധ്യാപകര്‍ക്ക് പങ്കുള്ളതായും ഗര്‍ഭിണിയായതോടെ ഇരുവരും നിര്‍ബന്ധിച്ച് ഗര്‍ഭമലസിപ്പിക്കാന്‍ ശ്രമിച്ചതായും അധ്യാപിക പോലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രിന്‍സിപ്പല്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.