ന്യൂദൽഹി - ഉത്സവ കാലങ്ങളിലും അവധിക്കാലങ്ങളിലും കേരളത്തിൽ നിന്ന് വിദേശത്തേക്കും മറ്റുമുള്ള വിമാന യാത്രക്കൂലി നിരക്ക് ഉയരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമ്യ ഹരിദാസ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് വ്യോമയാന സഹമന്ത്രി ഹർദീപ് സിംഗ് പുരി ഇക്കാര്യം വ്യക്തമാക്കിയത്.
മെയ്, ജൂൺ മാസങ്ങളിൽ കോഴിക്കോട് - ഗൾഫ് മേഖലകളിലേക്കുള്ള വിമാന നിരക്കുകളിൽ വലിയ വർധനവുണ്ടായതായി രണ്ട് എം.പിമാരും ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഗൾഫിലുള്ള പ്രവാസികളിൽ നിന്ന് സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ടോ എന്നും ഇവർ ചോദിച്ചു. അവധിക്കാലങ്ങളിൽ നിയന്ത്രണാതീതമായി ഉയരുന്ന വിമാന യാത്രാ നിരക്ക് നിയന്ത്രിച്ച് നിർത്താൻ തുടർ നടപടികൾ എടുക്കണമെന്നും ഇരുവരും ചോദ്യോത്തര വേളയിൽ ഇന്നലെ ആവശ്യപ്പെട്ടു.
എന്നാൽ ആവശ്യകത, ഉത്സവ കാലങ്ങൾ, വിപണി എന്നിവ കണക്കിലെടുത്ത് വിമാനക്കമ്പനികളാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതെന്നും ബുക്കിംഗ് വാഗ്ദാനം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുന്നതിനാൽ സീറ്റ് ഡിമാന്റ് കൂടുന്നതിന് അനുസരിച്ചാണ് നിരക്കിൽ വർധനവുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിമാന കമ്പനികൾ ഏർപ്പെടുത്തുന്ന യാത്രാ നിരക്കുകൾ ഡി.ജി.സി.എ പതിവായി നിരീക്ഷിക്കുന്നുണ്ട്. യാത്രാ നിരക്ക് ന്യായമായ നിലയിൽ നിലനിർത്താൻ സർക്കാർ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.