കൊല്‍ക്കത്ത- താനൊരു ഉറച്ച ഇസ്ലാം മത വിശ്വാസിയാണെന്നും എന്നാല്‍ എല്ലാ മതങ്ങളേയും ആദരിക്കുന്നുവെന്നും നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്‍. കൊല്‍ക്കത്തയില്‍ നടന്ന രഥയാത്രയില്‍ പങ്കെടുത്തതിന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കാണ് മംഗല്യസൂത്രവും സിന്ദൂരവുമണിഞ്ഞ് പാര്‍ലമെന്റിലെത്തി വിവാദം സൃഷ്ടിച്ച നുസ്രത്ത് ജഹാന്റെ മറുപടി. തുര്‍ക്കിയില്‍ വെച്ച് ബിസിനസുകാരന്‍ നിഖില്‍ ജെയിനിനെ വിവാഹം ചെയ്തതിനു പിന്നാലെയാണ് അവര്‍ സിന്ദൂരവും മംഗല്യസൂത്രവുണിഞ്ഞ് ലോക്‌സഭയിലെത്തിയത്.
#WATCH Kolkata: West Bengal Chief Minister Mamata Banerjee and TMC MP Nusrat Jahan flag off #JagannathRathYatra pic.twitter.com/Qf0hgyVeXu
— ANI (@ANI) July 4, 2019
ബി.ജെ.പി ധ്രുവീകരണത്തിനു ശ്രമിക്കുന്ന ഹിന്ദുക്കളില്‍ സ്വാധീനം ചെലുത്താനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ തന്ത്രങ്ങളുടെ ഭാഗമായാണ് നുസ്രത്ത് ജഹാന്റെ അരങ്ങേറ്റമെന്ന് ഒരു വിഭാഗം നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ് (ഇസ്‌കോണ്‍) സംഘടിപ്പിച്ച 48 ാമത് രഥയാത്രയിലാണ് നുസ്രത്ത് ജഹാന്‍ വ്യാഴാഴ്ച പങ്കെടുത്തത്. രഥയാത്ര മമതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തു.
വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാവേണ്ടതെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ക്ക് ഞാന്‍ ചെവികൊടുക്കാറില്ല. എനിക്ക് എന്റെ മതം അറിയാം. ജന്മംകൊണ്ട് ഞാന്‍ ഒരു മുസ്ലീമാണ്, ഇപ്പോഴും ഒരു മുസ്ലീമാണ്. വിശ്വാസം ഉണ്ടാകേണ്ടത് തലയ്ക്കുള്ളിലല്ല ഹൃദയത്തിലാവണം-അവര്‍ പറഞ്ഞു. രഥയാത്ര ഉദ്ഘാടന ചടങ്ങില്‍ നുസ്രത്ത് ജഹാന്‍ ആരതി ഉഴിയുകയും തേങ്ങ ഉടയ്ക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.
നുസ്രത്ത് ജഹാന്‍ പുതിയ ഇന്ത്യയുടെ പ്രതിനിധിയാണെന്നും മറ്റുമതങ്ങളുടെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതും ഉള്‍ക്കൊള്ളുന്നതും ഇന്ത്യയെ കൂടുതല്‍ മികച്ചതാക്കുമെന്നും സംഘാടകര്‍ പ്രതികരിച്ചു.