ലാഹോർ - മുംബൈ ഭീകരാക്രമണ സൂത്രധാരനും ജമാഅത്തുദ്ദഅ്‌വ നേതാവുമായ ഹാഫിസ് സഈദിനേയും 12 കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പാക്കിസ്ഥാൻ പോലീസ് അറിയിച്ചു. ഭീകരവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെ ഒന്നിലധികം കുറ്റങ്ങൾ പാകിസ്ഥാൻ ഇവർക്ക് മേൽ ചുമത്തിയതിനു പിന്നാലെയാണ് പോലീസിന്റെ നീക്കം. ട്രസ്റ്റുകള്‍ വഴിലശ്കറെ തയ്യിബ, ജമാഅത്തുദ്ദഅ്‌വ തുടങ്ങിയ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഭീകരതക്കുള്ള ഫണ്ടിംഗ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ അന്ത്യശാസനത്തിന് പിന്നാലെയാണ് നടപടി. ഈ വര്‍ഷം ഒക്ടോബറിനകം ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബ്ലാക്ക് ലിസ്റ്റിൽ ഉള്‍പ്പെടുത്തുമെന്ന് പാക്കിസ്ഥാന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എഫ്.എ.ടി.എഫിന്‍റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിയും ആഹ്വാനംആഹ്വാനം ചെയ്തു. ഇതോടെയാണ് നടപടിക്ക് പാക്കിസ്ഥാന്‍ നിര്‍ബന്ധിതരായത്.
എന്നാല്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന്‍റെ അധ്യക്ഷതയില്‍ കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാസമിതി യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് അറസ്റ്റ് ചെയ്യുന്നതെന്നാണ് പാക്കിസ്ഥാന്‍റെ അവകാശവാദം. നടപടകളെ കരുതലോടെ മാത്രമേ കാണുന്നുള്ളൂ എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.