കൊച്ചി- ഹൈക്കോടതി പരിസരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് വേണ്ടി ഇതുവരെ ചെലവഴിച്ചത് ഒരു കോടി 85 ലക്ഷം രൂപ. കേരള ഖജനാവ് ക്ഷയിക്കുന്നത് ഇങ്ങനെയെന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത സാമൂഹ്യ പ്രവര്ത്തകന് അഡ്വ. ഹരീഷ് വാസുദേവന്‍.
ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഹൈക്കോടതി പരിസരത്ത് നടന്ന സംഘര്‍ഷത്തെപ്പറ്റി അന്വേഷിക്കാന്‍ ഒരു സ്പെഷ്യല്‍ ടീമിനെ വെച്ചിരുന്നെങ്കില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് അന്വേഷണം കഴിഞ്ഞേനെ. ജസ്റ്റിസ്.പി.എ മുഹമ്മദ് കമ്മീഷന്റെ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നിട്ടോ?
5 തവണയായി 30 മാസത്തേക്ക് കാലാവധി ദീര്‍ഘിപ്പിച്ചു നല്കി. ഇതുവരെ എന്തെങ്കിലും പണി കമ്മീഷന് ചെയ്തോയെന്നു വ്യക്തമല്ല. ഇതുവരെ ഒരു കോടി 85 ലക്ഷത്തോളം രൂപ ചെലവിട്ട് കഴിഞ്ഞുവെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ക്ഷയിച്ച കേരള ഖജനാവ് എങ്ങനെയാണ് കൂടുതല്‍ നശിക്കുന്നതെന്നു നോക്കൂ..
പാവപ്പെട്ടവനും ദുരന്തം നേരിട്ടവരും ഒക്കെ പട്ടിണി കിടക്കുന്ന നാട്ടില്‍ ഈ അന്വേഷണത്തിന്റെ പേരില്‍ റിട്ട.ജസ്റ്റിസ് ജഅ മുഹമ്മദിനും സംഘത്തിനും വേണ്ടി ഇങ്ങനെ പണം പൊടിച്ചു കളയുന്നത് ശുദ്ധ തെമ്മാടിത്തമാണ്. കമ്മീഷന് ഈ പണം കൊണ്ട് ഇതുവരെ എന്തൊക്കെ ചെയ്തു? കേസന്വേഷണത്തിനു അമേരിക്കയിലോ മറ്റോ പോയോ? ജനത്തിന് അറിയാന്‍ അവകാശമുണ്ട്. അതുകൂടി സര്‍ക്കാര്‍ പറയണം.
ഈ ദുര്‍ചെലവ് അടിയന്തിരമായി അവസാനിപ്പിച്ച് ഈ കമ്മീഷന് പിരിച്ചു വിടണം. കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കുന്ന ഒരു ടീമിനെ അന്വേഷണം ഏല്‍പ്പിക്കണം. ഇനി മേലില്‍ ഇത്തരം un-accountable ജുഡീഷ്യല്‍ കമ്മീഷനുകളേ ഇത്തരം പണി എല്പ്പിക്കില്ലെന്നു തീരുമാനിക്കണം. അല്ലാതെ റിട്ടയര്‍ ജഡ്ജിമാരെ ഇങ്ങനെ കാലാകാലം കുടിയിരുത്താനുള്ള പാങ്ങില്ല ഇപ്പോള്‍ ഊര്‍ധ്വന്‍ വലിക്കുന്ന നമ്മുടെ ഖജനാവിന്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കാന്‍ നിരന്തരം ആളുകളെ പ്രേരിപ്പിക്കുന്ന എനിക്ക് ഇനി അത് ചെയ്യാന്‍ പറ്റില്ല. ആദ്യം സര്‍ക്കാര്‍ ഓരോ രൂപയ്ക്കും അക്കൗണ്ടബിലിറ്റി കാണിക്കൂ.. നികുതിപ്പണം വെറുതെ കിട്ടുന്നതല്ലെന്നു സെക്രട്ടേറിയേറ്റില്‍ ഇരിക്കുന്ന ചില വേതാളങ്ങളേ ഒന്ന് ഓര്‍മ്മിപ്പിക്കണം.