ന്യൂദൽഹി - വാടക ഗർഭധാരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന വാടക ഗർഭധാരണ നിയന്ത്രണ ബിൽ കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചു. വാടക ഗർഭധാരണ അനുമതിയിലൂടെ നടക്കുന്ന ദുരുപയോഗങ്ങളും തട്ടിപ്പുകളും അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് നിയമ നിർമാണം.
വാടക ഗർഭധാരണം സാമ്പത്തിക നേട്ടങ്ങൾക്കായുള്ള കുറുക്കുവഴിയായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് നിർദിഷ്ട ബിൽ കേന്ദ്രമന്ത്രിസഭ അംഗികരിച്ചത്. ബിൽ പ്രാബല്യത്തിൽ വന്നാൽ, വാടക ഗർഭധാരണം ആവശ്യമുള്ള ദമ്പതികൾക്കായി അവരുടെ അടുത്ത ബന്ധുക്കൾക്കു മാത്രമെ നടത്താനെ അനുവാദമുണ്ടാകൂ. ഇതിനു പിന്നിൽ നടക്കുന്ന ചൂഷണവും കൊള്ളയടിയും തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ബിൽ അനുസരിച്ച് വാടക ഗർഭധാരണം നിയന്ത്രിക്കാൻ ദേശീയ, സംസ്ഥാന തലങ്ങളില്‍ ബോർഡുകൾ രൂപീകരിക്കും. മാത്രമല്ല ബിൽ അനുസരിച്ച് വാടക ഗർഭധാരണത്തിനുള്ള അവകാശം നിയമപരമായി വിവാഹിതരായ ഇന്ത്യൻ പൗരൻമാരായ ദമ്പതികൾക്കു മാത്രമായി ചുരുക്കും.
വിവാഹിതരായി 5 വർഷത്തിനു ശേഷവും മക്കളില്ലാത്ത ദമ്പതികൾക്കു വാടക ഗർഭധാരണം ഉപയോഗിക്കാം എന്നാണ് ബില്ലിലെ വ്യവസ്ഥ. ഇതിന് തങ്ങൾക്കു കുട്ടികളുണ്ടാവില്ലെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാടക ഗർഭപാത്രത്തിന് അപേക്ഷിക്കുന്ന ദമ്പതികളിൽ ഭാര്യയുടെ പ്രായം 23–50 വരെയുംഭർത്താവിന്റെ പ്രായം 26 – 55 യും ആയിരിക്കണം. അടുത്ത ബന്ധുവായ സ്ത്രീക്കു മാത്രമേ ദമ്പതികൾക്കു ഗർഭപാത്രം വാടകയ്ക്കു നൽകാനാവൂ. സ്ത്രീ വിവാഹിതയും ആരോഗ്യമുള്ള കുഞ്ഞിന്റെ അമ്മയും ആയിരിക്കണം. ഒരു സ്ത്രീക്ക് ഒരു തവണ മാത്രമേ ഗർഭപാത്രം വാടകയ്ക്കു നൽകാനാകൂ.
വിദേശ ഇന്ത്യക്കാർ, ഇന്ത്യൻ വംശജർ, വിദേശികൾ എന്നിവർക്ക് വാടക ഗര്ഭധാരണം അനുവദനീയമല്ല. കച്ചവട താൽപര്യങ്ങൾക്കായി വാടക ഗർഭധാരണം വാഗ്ദാനം ചെയ്യുന്ന അനധികൃത ക്ലിനിക്കുകളെ ആണ് ബിൽ നിയന്ത്രിയ്ക്കുന്നത്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ആണ് ശിക്ഷ. ബില്ല് ഉടൻ പർലമെന്റിൽ അവതരിപ്പിക്കും.