ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.
ചുരുക്കം ചിലര്‍ക്കേ ഈ ധൈര്യമുണ്ടാകൂ എന്നും രാഹുലിന്റെ തീരുമാനത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ, പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായി. രാഹുലിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്ത് യുവനേതാക്കളെയടക്കം പരിഗണിക്കുന്നുണ്ട്. നെഹ്റു കുടുംബത്തില്‍ നിന്ന് ആരും അധ്യക്ഷസ്ഥാനത്തേക്കു വേണ്ടെന്ന് രാഹുല്‍ വ്യക്തമാക്കിയതോടെ പ്രിയങ്കാ ഗാന്ധിയുടെ പേര് പരിഗണിക്കുന്നില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായ ആരെങ്കിലും അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്. മുന്‍ ലോക്സഭാ കക്ഷി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്.
രാഹുലിന്റെ രാജി പിന്‍വലിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി തന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാലു പേജുള്ള വികാര നിര്‍ഭരമായ രാജിക്കത്ത് അദ്ദേഹം പുറത്തു വിടുകയും ചെയ്തു.