തിരുവനന്തപുരം- കേരളത്തില്‍ വെച്ച് അപ്രത്യക്ഷയായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ അന്വേഷണ സംഘം. ലിസ മതസ്ഥാപനങ്ങളില്‍ ഉണ്ടോ എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്.
2012 മുതല്‍ ഇവര്‍ ഇസ്‌ലാം മതം സ്വീകരിച്ച് മുസ്‌ലിം സംഘടനകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഈ കേന്ദ്രങ്ങളിലെ സി.സി.ടി.വി ദ്യശ്യങ്ങളും ലഭ്യമാകുന്ന മുഴുവന്‍ രേഖകളും അന്വേഷണ സംഘം ശേഖരിക്കും.
ലിസ വെയ്‌സ് പോകാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളുടെ പട്ടിക പോലീസ് തയാറാക്കി. ഇവര്‍ സംസ്ഥാനത്ത് എത്തിയത് വിനോദ സഞ്ചാരിയെന്ന നിലയിലല്ലെന്നാണ് സൂചന. മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. യുവതിക്കൊപ്പമെത്തിയ സുഹൃത്ത് മുഹമ്മദലി തിരികെപ്പോയത് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. അതിനാല്‍ ലിസയും കൊച്ചിയിലെത്തിയോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
മാര്‍ച്ച് ഏഴിന് ലിസ വെയ്‌സും സുഹൃത്ത് മുഹമ്മദലിയും തിരുവനന്തപുരത്തെത്തി എന്നതിനപ്പുറം പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. അതിനാല്‍ യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളില്‍നിന്ന് ലഭിക്കുമോയെന്നാണ് അന്വേഷണ സംഘം പ്രധാനമായും അറിയാന്‍ ശ്രമിക്കുന്നത്. മുഹമ്മദലിയെ ബ്രീട്ടിഷ് എംബസി വഴി കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.