ന്യൂദൽഹി- രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ അധ്യക്ഷനില്ലാതായ കോൺഗ്രസിനെ നയിക്കാൻ ഇനിയാര്? ദളിത് നേതാക്കളെയാണ് പാർട്ടി കേന്ദ്ര നേതൃത്വം നോട്ടമിടുന്നതെന്നാണ് സൂചന. സുശീൽ കുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക് എന്നിവരെയാണ് പാർട്ടി ഉന്നം വെക്കുന്നത്. പിന്നോക്ക നേതാവായ അശോക് ഗെലോട്ടും പട്ടികയിൽ ഉണ്ടെങ്കിലും സാധ്യത കുറവാണ്.
പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ ഏറ്റവും മുതിർന്ന നേതാവും മുൻ എ.ഐ.സി.സി ട്രഷററും 91 കാരനുമായ മോത്തിലാൽ വോഹ്‌റയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തേക്കുമെന്നും സൂചനയുണ്ട്. വിദേശത്തുളള പ്രിയങ്ക ഗാന്ധി തിരിച്ചെത്തിയ ശേഷമേ തീരുമാനമുണ്ടാകൂ എന്നതിനാലാണ് വോറയെ പരിഗണിക്കുന്നത്. ചികിത്സക്കായി ലണ്ടനിലുള്ള ഭർത്താവ് റോബർട്ട് വാധ്‌രയോടൊപ്പമാണ് പ്രിയങ്കയുള്ളത്. രാഹുലും അടുത്ത ദിവസം വാധ്‌രയെ കാണാൻ പോകുന്നുണ്ട്.
അധ്യക്ഷ പദമൊഴിയുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതോടെ കോൺഗ്രസ് വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. അതിശക്തനായ മോഡിക്കും ബി.ജെ.പിക്കുമെതിരെ പാർട്ടിയുടെ പട നയിക്കാൻ പ്രാപ്തനായ ഒരു നേതാവിനെ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് നേതൃത്വം. എല്ലാ അനുനയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ രാഹുൽ ചിത്രത്തിൽനിന്ന് അകലുകയാണ്. ഗാന്ധി കുടുംബത്തിന് ഇനി പാർട്ടിയുടെ ദുർവഹ ഭാരമേൽക്കാനാവില്ലെന്ന സൂചനയാണ് രാഹുൽ നൽകുന്നത്. പ്രിയങ്കയേയോ സോണിയാ ഗാന്ധിയെത്തന്നെയോ പ്രസിഡന്റാക്കാനുള്ള നീക്കത്തിനും രാഹുൽ എതിരാണ്.
നെഹ്‌റു-ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ, സമീപകാലത്തെ കോൺഗ്രസ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് അധ്യക്ഷ പദത്തിലെത്താൻ പോകുന്നത്. പി.വി. നരസിംഹ റാവുവിനും സീതാറാം കേസരിക്കും ശേഷം ആ നിയോഗം ആർക്കാവുമെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. എന്തായാലും രാഹുൽ, പ്രിയങ്ക, സോണിയ എന്നീ മൂന്ന് ഗാന്ധിമാരുടെ സമ്മതത്തോടെ തന്നെയാകും പുതിയ തീരുമാനവും.
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ 77 കാരനായ സുശീൽ കുമാർ ഷിൻഡെ തന്നെയാണ് ഏറ്റവും സാധ്യതയുള്ള സ്ഥാനാർഥി. പാർട്ടിയുടെ ദളിത് മുഖമാണ് അദ്ദേഹം. ഗാന്ധിമാരുടെ വിശ്വസ്തനുമാണ്. മുൻ ലോക്‌സഭയിൽ കോൺഗ്രസിനെ വീറോടെ നയിച്ച മല്ലികാർജുൻ ഖാർഗെക്കുമുണ്ട് ഈ ഗുണങ്ങളൊക്കെ. 76 കാരനായ അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പരാജയത്തിന്റെ ഷോക്കിലാണ് ഖാർഗെ ഇപ്പോഴും. ഒന്നിലധികം തവണ കേന്ദ്ര മന്ത്രിയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസിലൂടെ വളർന്നെത്തിയ മുകുൾ വാസ്‌നിക് ആണ് മറ്റൊരാൾ. അദ്ദേഹവും ദളിത് നേതാവാണ്. എന്നാൽ പട നയിക്കാനുള്ള പ്രാപ്തിയുണ്ടോ എന്ന കാര്യത്തിൽ നേതാക്കൾക്ക് സംശയമുണ്ട്. താരതമ്യേന ചെറുപ്പവുമാണ്.
പിന്നോക്ക നേതാവായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പ്രവർത്തക സമിതി യോഗത്തിൽ രാഹുലിന്റെ വിമർശം ഏറ്റുവാങ്ങിയ ആളായതിനാൽ സാധ്യത കുറവാണ്. രാജസ്ഥാനിലും മധ്യപ്രദേശിലുമായിരുന്നു കോൺഗ്രസിന് ഏറ്റവും വലിയ പ്രതീക്ഷ. ഇവിടങ്ങളിൽ പാർട്ടി തകർന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം അശോക് ഗെഹ്‌ലോട്ടിനും കമൽനാഥിനുമാണെന്നാണ് രാഹുൽ ഗാന്ധി കരുതുന്നത്.
പുതിയ അധ്യക്ഷനായി താൻ ആരേയും നിർദേശിക്കില്ലെന്നാണ് രാഹുലിന്റെ നിലപാട്. ഇന്നലെ പുറത്തിറക്കിയ രാജിക്കത്തിൽ അദ്ദേഹം ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. താൻ ആരെയെങ്കിലും നിയമിക്കുന്നതോ നിർദേശിക്കുന്നതോ ശരിയായ നടപടിയല്ലെന്ന് രാഹുൽ കത്തിൽ വിശദീകരിച്ചു.