അഹമ്മദാബാദ്- ഗുജറാത്ത് വംശീയ കലാപത്തിനിടെയുണ്ടായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ പ്രത്യേക കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ഏഴ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ച വിഎച്ച് പി നേതാവ് അതുല്‍ വൈദ്യക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഇതാദ്യമായാണ്. ജസ്റ്റിസ് അഭിലാഷ കുമാരിയുടെ നേതൃത്വത്തിലെ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഏഴ് വര്‍ഷം തടവിന് വിധിച്ച പ്രത്യേക കോടതി വിധിക്കെതിരെ വൈദ്യ സമര്‍പ്പിച്ച അപ്പീലില്‍ വാദം തുടരുകയാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കാമെന്ന് ഹൈക്കേടതി വിധിയില്‍ പറയുന്നു. ഗുജറാത്ത് കലാപ കാലത്ത് അഹമ്മദാബാദിലെ മുസ്‌ലിം മേഖലയായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ജനക്കൂട്ടം കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് വൈദ്യക്ക് ജാമ്യം ലഭിച്ചത്. ഒരു വര്‍ഷം തടവ് മാത്രമേ വൈദ്യ അനുഭവിച്ചിട്ടുള്ളൂ.
സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം 66 പ്രതികളെയാണ് കണ്ടെത്തിയത്. 11 പേര്‍ക്കെതിരെ മാത്രമാണ് കൊലക്കുറ്റവും ശേഷിക്കുന്ന 13 പ്രതികള്‍ക്കെതിരെ നിസ്സാര കുറ്റങ്ങളുമാണ് ചുമത്തിയിരുന്നത്. 36 പേരെ കോടതി വെറുതെ വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. നിസ്സാര വകുപ്പുകളാണ് വൈദ്യക്കെതിരെ ചുമത്തിയിരുന്നത്.
സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ടീസ്റ്റ സെത്തില്‍വാദ് നേതൃത്വം നല്‍കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി) ആണ് ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയിലെത്തിയത്.
ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുല്‍ബര്‍ഗില്‍ നടന്നത്. ഏറ്റവും വലിയ കൂട്ടക്കുരുതി അഹമ്മദാബാദ് നഗരത്തിനുള്ളിലെ നരോദ പാട്യയിലായിരുന്നു.
കോടതി വിധി വന്നതിന് പിന്നാലെ, വെറുതെ വിട്ട പ്രതികളുടെ കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം ഗുജറാത്ത് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിരവധി ഓര്‍മപ്പെടുത്തലുകള്‍ക്ക് ശേഷവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. സര്‍ക്കാര്‍ തീരുമാനം അറിയിക്കാത്തതിനാല്‍ അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാനുമാവില്ല.
2002 ല്‍ ഗോധ്ര സംഭവത്തിന് തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയ മുസ്ലിംകളെ വിഎച്ച്പി പ്രവര്‍ത്തകരടങ്ങുന്ന ജനക്കൂട്ടം ചുട്ടുകൊല്ലുകയായിരുന്നു. ജാഫ്രിയടക്കം 69 പേര്‍ കൊല്ലപ്പെട്ടു. 31 പേരെ കാണാതായി. സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയാകുകയും ചെയ്തു. അക്രമികള്‍ വീട് വളഞ്ഞപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രി ഫോണില്‍ വിളിച്ച് സഹായം തേടിയെങ്കിലും മോഡി ഇടപെടാന്‍ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്