ഷാര്‍ജ- ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഇളയ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് നാടിന്റെ അന്ത്യാഞ്ജലി. തിങ്കളാഴ്ച ലണ്ടനില്‍ അന്തരിച്ച ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഖബറടക്കം അല്‍ ജുബൈലില്‍ നടന്നു.
ബഹുമുഖപ്രതിഭയായിരുന്ന ശൈഖ് ഖാലിദിനായി പ്രാര്‍ഥിക്കാനും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളെത്തി. മറ്റ് എമിറേറ്റുകളില്‍നിന്നും നൂറുകണക്കിന് പേരെത്തി. രാജകുടുംബത്തിലെ അംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സാധാരണ ജനങ്ങള്‍ തുടങ്ങിയവര്‍ കിംഗങ് ഫൈസല്‍ പള്ളിയില്‍ നടന്ന പ്രാര്‍ഥനയില്‍ പങ്കെടുത്തു. അജ്മാന്‍, ഉമ്മുല്‍ഖൈയ്ന്‍, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളുടെ ഭരണാധികാരികളും എത്തി. നിരവധി മലയാളികളും പങ്കെടുത്തു.
ഷാര്‍ജ ദുഃഖസാന്ദ്രമാണ്. യു.എ.ഇയില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. ലണ്ടനിലെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറുമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ ലണ്ടനില്‍ ജീവിച്ച അദ്ദേഹം ഖാസിമി എന്ന ബ്രാന്‍ഡില്‍ ലണ്ടനില്‍ പ്രശസ്തനായിരുന്നു. ലണ്ടന്‍, പാരീസ് ഫാഷന്‍ വീക്കുകളില്‍ നിരവധി പുരസ്‌കാരങ്ങളും നേടി. 2016 മുതല്‍ രാജ്യാന്തര തലത്തില്‍തന്നെ ഖാസിമി ബ്രാന്‍ഡ് പ്രശസ്തമാണ്.