Sorry, you need to enable JavaScript to visit this website.

അഭിമാന പദ്ധതികളുമായി ജുബൈൽ എസ്.ഐ.സി 

ജുബൈൽ എസ്.ഐ.സി പശ്ചിമ ബംഗാളിൽ നിർമിച്ചു നൽകിയ എസ്.യു.എം.ഡി.എഫ് എജ്യുക്കേഷനൽ സെന്റർ മോറൽ സ്‌കൂൾ 

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ പെട്ട് ജീവിതം നരകതുല്യമായി കഴിയുന്ന ഇന്ത്യയിലെ തന്നെ ഒരു വിഭാഗം ജനതക്ക് ആശ്രയമായി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന സന്തോഷത്തിലാണ് സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ ഘടകം പ്രവർത്തകർ. കേരളത്തിലെ സുഖസൗകര്യങ്ങളിൽ മുഴുകുന്ന മലയാളിക്ക് ഒരു പക്ഷേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനജീവിതത്തെ കുറിച്ച് അത്ര ബോധ്യപ്പെടണമെന്നില്ല. 
ആകാശം മേൽക്കൂരയാക്കി അന്തിയുറങ്ങുന്ന ഒരു ജനത. പകലന്തിയോളം റിക്ഷ വലിച്ചും മറ്റു കഠിന ജോലികൾ ചെയ്തും രാത്രിയെത്തുന്ന ഇവർക്ക് പലപ്പോഴും കുടുംബ ബന്ധങ്ങളുടെ മഹിമ പോലും അറിയുകയില്ല. എല്ലാം യാന്ത്രികം എന്ന പോലെ കറങ്ങി ജീവിതം ഹോമിക്കപ്പെടുന്നവർ. വിവിധ രാഷ്ട്രീയ പാർട്ടികൾ തുടർച്ചയായി ഭരിക്കപ്പെട്ടപ്പോൾ അടിച്ചമർത്തപ്പെട്ട ഒരു വിഭാഗം. ഉയിർത്തെഴുന്നേൽക്കാനായി പാടുപെടുമ്പോൾ, അതിനായി ശ്രമിക്കുമ്പോൾ ഇന്ത്യൻ ജനതയാണെന്ന പരിഗണ പോലുമില്ലാതെ ജീവിക്കാൻ വിധിക്കപ്പെട്ട പാവങ്ങൾ. ഇങ്ങനെ എഴുതുമ്പോൾ ഇവരുടെ ജീവിതം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. അതെ, അത്രക്ക് ദയനീയമാണ് ഉത്തരേന്ത്യൻ ജനതയുടെ അവസ്ഥ. ഒരിക്കലെങ്കിലും ഇത് വഴി കടന്നു പോയവർക്ക് മനസ്സിലാക്കാം.
ജുബൈലിൽ ദഅ്‌വ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെക്കുന്ന സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ ജുബൈൽ സെൻട്രൽ കമ്മിറ്റി ദശവാർഷികത്തോടനുബന്ധിച്ചാണ് നാഷണൽ എജ്യു  മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടമായി പശ്ചിമ ബംഗാളിലെ ഭീർഭൂം ജില്ലയിലെ ഭിംപുർ ഗ്രാമത്തിൽ എഡ്യൂക്കേഷണൽ സെന്റർ നിർമിച്ചു നൽകാൻ തീരുമാനിച്ചത്. പദ്ധതിക്ക് ശംസുൽ ഉലമ മെമ്മോറിയൽ ദാറുൽ ഫൗസ് എഡ്യൂക്കേഷണൽ സെന്റർ  എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാൾ മുൻ ആഭ്യന്തര മന്തിയായിരുന്ന ഡോ. മൊത്തഹർ ഹുസൈനും ഭീംപുർ വില്ലേജിലെ ഏതാനും അക്ഷര സ്‌നേഹികളും നൽകിയ സ്ഥലത്ത് നിർമിച്ച പടുകൂറ്റൻ കോംപ്ലസ്‌കിൽ  ജുബൈലിലെ സംഘടനാ പ്രവർത്തകർക്കിടയിൽ നിന്നും ലഭിച്ച സംഭാവനയിൽ  നിന്നാണ് പദ്ധതി നിർമിക്കാനുള്ള പണം കണ്ടെത്തിയത്. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ ചെലവിൽ നിർമിച്ച സ്ഥാപനം ഇന്ന് അവിടുത്തെ ഗ്രാമവാസികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. ദാറുൽ ഹുദാ ഓഫ് കാമ്പസിൽ പണി പൂർത്തിയായ മനോഹരമായ ഗ്രാന്റ് മസ്ജിദിന്റെ ഉദ്ഘാടനവും നടന്നു. സൗദിയിലെ വിവിധ സംഘടനകൾക്കു ഏറെ മാതൃക തീർക്കുകയായിരുന്നു സംഘം പുതിയ തീരുമാനത്തിലൂടെ. ഇവിടെ ഓഫ് കാമ്പസ് നടത്തുന്ന ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂർവ വിദ്യാർഥി അസോസിയേഷൻ 'ഹാദിയ' യുടെ മേൽനോട്ടത്തിലാണ് കോംപ്ലക്‌സിന്റെ പ്രവർത്തനം നടത്തുന്നത്. 'പൈതൃകം, നവോത്ഥാനം, സത്യസാക്ഷ്യം'  എന്ന പ്രമേയത്തിൽ 2017 - 18 ഒക്ടോബറിലാണ് ഒരു വർഷം നീണ്ട വാർഷിക പരിപാടികൾ നടന്നത്.
അരികുവൽക്കരണത്തിന്റെ അരക്കില്ലത്തിൽ വെന്തുനീറാൻ വിധിക്കപ്പെട്ട ഒരു ജനതയുടെ കർണപുടങ്ങളിൽ ആത്മാഭിമാനത്തിന്റെ മന്ത്രങ്ങളോതിക്കൊടുത്ത്, വിദ്യ കൊണ്ട് പ്രബുദ്ധരാക്കി, വിശ്വാസം കൊണ്ട് കരുത്തരാക്കി നവജാഗരണം സാധ്യമാക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം സധീരം ഏറ്റെടുത്ത് മുന്നേറുകയാണ് ദാറുൽ ഹുദാ. ദാറുൽ ഹുദായുടെ ഓഫ് കാമ്പസുകളും ഹുദവീസ് അസോസിയേഷ (ഹാദിയ) ന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന മദ്രസാ / മോറൽ സ്‌കൂൾ പദ്ധതിയും മോഡൽ വില്ലേജ്  മോഡൽ പഞ്ചായത്ത് പദ്ധതികളും അടക്കമുള്ള കമ്യൂണിറ്റി എംപവർമെന്റ് പ്രോഗ്രാമുകളും സൃഷ്ടിക്കുന്ന ചലനങ്ങളും ഗുണപരമായ മാറ്റങ്ങളും ചെറുതല്ല.
ഉറുദു, ഹിന്ദി, ഇംഗഌഷ് തുടങ്ങി വിവിധ ഭാഷകളിലെ നൈപുണ്യം ഇവർക്ക് ഇതിനുള്ള ഊർജമായി. അങ്ങനെയാണിവർ പൂർവ വിദ്യാർത്ഥി സംഘമായ ഹാദിയയിലൂടെ ട്രെയിൻ കയറുന്നത്. ഇന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്തി അവിടെ അവർക്ക് പ്രാഥമിക വിദ്യാഭ്യാസമടക്കം നൽകാൻ വേണ്ട സഹായ സഹകരണങ്ങൾ ഒരുക്കുകയാണ് സംഘം. 
 ഇനിയുള്ള ദിനങ്ങൾ ഈ മുന്നേറ്റത്തിൽ നാഴികക്കല്ലുകളാകുന്ന സുദിനങ്ങളാണ്. പശ്ചിമ ബംഗാൾ, അസം, ബിഹാർ സംസ്ഥാനങ്ങളിലായി ബഹുമുഖ പദ്ധതികൾക്കാണ് ഈ ദിവസങ്ങളിൽ സമാരംഭം കുറിക്കപ്പെടുന്നത്. ജുബൈൽ എസ് ഐ സി യുടെ ശംസുൽ ഉലമ മെമ്മോറിയൽ ദാറുൽ ഫൗസ് ഇസ്ലാമിക് സെന്റർ ( ഭീംപൂർ എജ്യുവില്ലേജ് ), രാംപുരാഹട്ട് എജ്യുവില്ലേജ്, ദുംറഗ്രാം മസ്ജിദ് എന്നിവയുടെ ഉദ്ഘാടനവും കാമ്പസ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും ഖാഇദെ മില്ലത്ത് എക്‌സലൻസ് അവാർഡ് വിതരണവും സമസ്ത ബംഗ്ലോ ഉലമാ കൂട്ടായ്മയുടെ പ്രഖ്യാപനവും  സമ്മേളനവുമാണ് ഇവിടെ നടന്നത്. കൂടാതെ, അസാം ഓഫ് കാമ്പസിലെ ആറാം ബാച്ചിന്റെ ക്ലാസുദ്ഘാടനം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു മസ്ജിദ്, ഹാദിയ മോറൽ സ്‌കൂൾ എന്നിവയുടെ ഉദ്ഘാടനം, രണ്ട് ഹാദിയ മോറൽ സ്‌കൂളുകളുടെ ശിലാസ്ഥാപനം എന്നിവയും അസമിൽ നടന്നു. ഡോ. സുബൈർ ഹുദവി ചേകന്നൂരിന്റെ നേതൃത്വത്തിൽ ബിഹാറിലെ കിഷൻഗഞ്ചിൽ നടന്നുവരുന്ന സാമൂഹിക ജാഗരണ പ്രവർത്തനങ്ങളിൽ നിർണായക വഴിത്തിരിവാകുന്ന, വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം എന്ന പ്രമേയവുമായി ആരംഭിക്കുന്ന 'കൊർദോബ' ഇൻസ്റ്റിറ്റിയൂട്ട് ഫോർ അക്കാദമിക് എക്‌സലൻസിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളുടെ നേതൃത്വത്തിലാണ് ഈ ബഹുമുഖ പദ്ധതികൾ സമർപ്പിക്കപ്പെട്ടത്. 


 

Latest News