മുംബൈ- ബിഹാര്‍ യുവതി നല്‍കിയ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുംബൈ കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കണമെന്നും ഒരു മാസം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാകണമെന്നും ഇതിനായി രക്ത സാമ്പിള്‍ മുംബൈ ദിന്‍ദോഷി കോടതി ജാമ്യ ഉത്തരവില്‍ പറഞ്ഞു.
ബിനോയിയുടേയും യുവതിയുടേയും വാദങ്ങള്‍ കോടതി കഴിഞ്ഞ ദിവസം കേട്ടിരുന്നു. ഡിഎന്‍എ പരിശോധന വേണമെന്ന യുവതിയുടെ അഭിഭാഷകന്റെ ആവശ്യം ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡിഎന്‍എ പരിശോധനയിലേക്ക് കടക്കേണ്ടതില്ലെന്നാണ് അഭിഭാഷകന്‍ വാദിച്ചിരുന്നത്. എന്നാല്‍ പോലീസ് ആവശ്യപ്പെടുകയാണെങ്കില്‍ ഡി.എന്‍.എ പരിശോധനക്ക് തയാറാകണമെന്ന് കോടതി വ്യക്തമാക്കി.
ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവുകളില്ല, എഫ്.ഐ.ആറിലും യുവതി നല്‍കിയ പരാതിയിലും പൊരുത്തക്കേടുണ്ട്, വിവാഹം നടന്നതടക്കം യുവതി കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണ്, രേഖകളിലെ ഒപ്പ് വ്യാജമാണ് തുടങ്ങിയ വാദങ്ങള്‍ ബിനോയിയുടെ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കും, ബിനോയ് നല്‍കിയ വിസയും ടിക്കറ്റും ഉപയോഗിച്ചാണ് യുവതി ദുബായിലേക്ക് പോയത്, ആദ്യ വിവാഹം മറച്ചുവെച്ചാണ് ബിനോയ് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയത്, ബിനോയിയും അമ്മയും ഭീഷണിപ്പെടുത്തി തുടങ്ങിയവയാണ് യുവതിക്ക് വേണ്ടി ഉന്നയിച്ച വാദങ്ങള്‍.