ലണ്ടന്‍- വിമാന ടിക്കറ്റ് എടുക്കാതെ ഒളിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച ആള്‍ ലാന്‍ഡിങ് ഗിയറില്‍ നിന്ന് വീണു മരിച്ചു. ഹീത്രോ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കെനിയ എയര്‍വേയ്‌സ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ച് യാത്ര ചെയ്ത ആളാണ് വീണ് മരിച്ചത്. ലണ്ടനിലെ ഉദ്യാനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രദേശവാസികളാണ് ഉദ്യാനത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിമാനത്തില്‍ നിന്ന് വീണതാണെന്ന് പൊലീസിന് സൂചന ലഭിച്ചത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ടിക്കറ്റ് എടുക്കാതെ ഒളിച്ച് യാത്ര ചെയ്യുന്നതിനിടെ വീഴുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയില്‍ നിന്ന് ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു ബാഗും വെള്ളവും ഭക്ഷണവും കണ്ടെത്തി.
അതേസമയം മൃതദേഹം വിമാനത്തില്‍ നിന്ന് നിലം പതിക്കുന്നത് നേരില്‍ക്കണ്ട ദൃക്‌സാക്ഷിയുടെ വിവരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വെറും മൂന്നടി മാത്രമകലെ 3,500 അടി ഉയരത്തില്‍ നിന്നെത്തിയ മരണത്തില്‍ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ജോണ്‍ ബാള്‍ഡോക് എന്ന യുവാവ്.
ഞായറാഴ്ച ഉച്ചക്കഴിഞ്ഞ്, അവധി ദിവസത്തിന്റെ ആലസ്യത്തില്‍ സണ്‍ബാത്ത് ചെയ്യുമ്പോഴുണ്ടായ സംഭവം ഇപ്പോഴും ഞെട്ടലോടെയാണ്ബാള്‍ഡോക് ഓര്‍ക്കുന്നത്. ഭീകരമായിരുന്നു ആ കാഴ്ച, ആകാശത്തു നിന്ന് ഒരു മനുഷ്യശരീരം താഴേയ്ക്ക് വീഴുന്നു. ഒരു നിമിഷം സത്ബധനായി തരിച്ചിരുന്നുപോയബാള്‍ഡോക് പിന്നെ സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നം പോലെയാണ് ഓര്‍ക്കുന്നത്. കെനിയന്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്‌മെന്റില്‍ പതിയിരുന്നെത്തിയ യാത്രക്കാരന്‍ വീണത് ബാള്‍ഡോക്കിന്റെ മുന്നിലാണ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ലണ്ടനെയാകെ ഞെട്ടിച്ച സംഭവമുണ്ടായത്. നെയ്‌റോബിയില്‍നിന്നു ബ്രിട്ടനിലേക്കുള്ള കെനിയന്‍ വിമാനമായ ബോയിങ് 787ന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ ഒളിച്ചിരുന്നെത്തിയ യാത്രക്കാരന്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിനു സമീപമുള്ള വീടിന്റെ മുറ്റത്തേയ്ക്ക് വീഴുകയായിരുന്നു. ലണ്ടനില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ജോണ്‍ ബാള്‍ഡോക്കിന്റെ സുഹൃത്ത് ബോബ് റെന്‍വിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. വര്‍ഷങ്ങളായി ഒരുമിച്ചു ജോലി ചെയ്യുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് ഈ വീട്ടില്‍ താമസം ആരംഭിച്ചത്. വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് സ്ലാബുകള്‍ പതിച്ചിരിക്കുന്നതിനിടയിലെ പുല്‍ത്തകിടിയിലേക്കാണ് യാത്രക്കാരന്റെ ശരീരം വീണത്. സംഭവസമയം പൂന്തോട്ടത്തില്‍ വെയില്‍ കായുകയായിരുന്ന ബാള്‍ഡോക്കിനു മൂന്നടി മാത്രം അകലത്തിലാണ് ശരീരം വീണത്.
ഭയത്തോടെ വീടിനുവെളിയിലേക്ക് ഇറങ്ങിയോടിയ ബാള്‍ഡോക് അയല്‍ക്കാരെ വിവരം അറിയിച്ചു.ബാള്‍ഡോക്കിന്റെ വാക്കുകളില്‍ വിശ്വാസം വരാത്ത അയല്‍ക്കാരി സ്വന്തം വീടിന്റെ മട്ടുപ്പാവില്‍ കയറി നോക്കിയപ്പോള്‍ കണ്ടത് പുല്‍ത്തകടിയില്‍ കമഴ്ന്നുകിടക്കുന്ന മനുഷ്യശരീരവും. ഉടന്‍ പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം വിമാനത്തില്‍ നിന്നു വീണതാണെന്നു സ്ഥരീകരീകരിക്കുകയും ചെയ്തു. ഉച്ചക്കഴിഞ്ഞ് 3:36 നാണ് വിമാനം വീടിനു മുകളിലൂടെ പറന്നത്. യുകെയിലേക്ക് അനധികൃതമായി കുടിയേറുക എന്ന ലക്ഷ്യത്തോടെ ഗിയര്‍ കംപാര്‍ട്ടുമെന്റില്‍ കയറിക്കൂടിയതാകാം ഇയാള്‍ എന്നാണ് നിഗമനം. ഇതു സംബന്ധിച്ചു പൊലീസും വിമാനത്താവള അധികൃതരും കെനിയന്‍ എയര്‍വേയ്‌സും അന്വേഷണം തുടരുകയാണ്.
ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു മൃതദേഹത്തില്‍. കംപാര്‍ട്ട്‌മെന്റിന്റെ തണുപ്പില്‍ മരവിച്ചാണ് മരണം. മൃതദേഹത്തിന്റെ കഴുത്ത് ഒടിഞ്ഞും ശരീരം തണുത്തു മഞ്ഞുകട്ടപോലെയുള്ള അവസ്ഥയിലായിരുന്നെന്നും ബാള്‍ഡോക്കിന്റെ അയല്‍വാസികള്‍ ഓര്‍മിക്കുന്നു. ദിവസവും വൈകിട്ട് നൂറുകണക്കിന് ആളുകള്‍ അന്തിവെയില്‍ കൊള്ളുന്ന ക്ലഫാം കോമണിനു മുന്നൂറ് അടി മാത്രം അകലെയാണ് മൃതദേഹം പതിച്ചത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമെ ആളുടെ പ്രായമുള്‍പ്പെടെ സ്ഥിരീകരിക്കാനാകൂവെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.