റിയാദ് - സൗദി ഫാർമസിസ്റ്റുകളിൽ 40 ശതമാനം പേർക്ക് കഴിഞ്ഞ അഞ്ചു മാസത്തിനിടെ തൊഴിൽ ലഭ്യമാക്കിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി വെളിപ്പെടുത്തി.
ഫാർമസി മേഖലയിൽ രണ്ടായിരം തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനുള്ള പദ്ധതിയുമായി മന്ത്രാലയം മുന്നോട്ടു പോവുകയാണ്. അടുത്ത വർഷാവസാനത്തോടെ ഇത്രയും തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങളുമായും കമ്പനികളുമായും കരാറുകൾ ഒപ്പുവെച്ച് ഫാർമസി മേഖലയിൽ സൗദിവൽക്കരണം ഉയർത്തുന്നതിനും കൂടുതൽ സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും മന്ത്രാലയം ഊർജിതമായി ശ്രമിച്ചുവരികയാണെന്നും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.
സ്വകാര്യ മേഖലയിൽ 14,338 പേർ ഫാർമസിസ്റ്റുകളായി ജോലി ചെയ്യുന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ 2082 പേർ സൗദികളും 12,256 പേർ വിദേശികളുമാണ്. ഫാർമസ്യൂട്ടിക്കൽസ് ഉൽപന്നങ്ങളുടെ ചില്ലറ വ്യാപാര മേഖലയിൽ 6753 പേർ ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ 804 പേർ സൗദികളാണ്. മരുന്ന് ഏജൻസികളിൽ 6254 പേർ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തിൽ 1145 പേർ സ്വദേശികളും 5109 പേർ വിദേശികളുമാണ്.
അഞ്ചു വർഷത്തിനുള്ളിൽ സൗദി ഫാർമസിസ്റ്റുകളുടെ എണ്ണത്തിൽ 149 ശതമാനം വർധനവുണ്ടാകുമെന്നാണ് സൗദി ഹെൽത്ത് സ്പെഷ്യാൽറ്റീസ് കമ്മീഷൻ കണക്കാക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ 12,377 സൗദി യുവതീയുവാക്കൾ ഫാർമസിസ്റ്റ് കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങും. ഇക്കൂട്ടത്തിൽ 6668 പേർ വനിതകളും 5709 പേർ പുരുഷന്മാരുമാകും. ഈ വർഷം 2393 ഉം അടുത്ത കൊല്ലം 2361 ഉം 2021 ൽ 3004 ഉം 2022 ൽ 3118 ഉം സൗദി യുവതീയുവാക്കൾ ഫാർമസി കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുമെന്നാണ് കണക്കാക്കുന്നത്. 2027 ൽ ഫാർമസി മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 222 ശതമാനം തോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 ൽ സൗദി ഫാർമസിസ്റ്റുകൾ 26,600 ആയി ഉയരും. ആകെ ഫാർമസിസ്റ്റുകളിൽ സൗദികൾ 74 ശതമാനമായി 2027 ഓടെ മാറും. വിദേശ ഫാർമസിസ്റ്റുകളുടെ എണ്ണത്തിൽ 54 ശതമാനം കുറവുണ്ടാകും. 2027 ൽ വിദേശ ഫാർമസിസ്റ്റുകളുടെ എണ്ണം 9440 ആയി കുറയുമെന്നാണ് കണക്കാക്കുന്നത്. ആകെ ഫാർമസിസ്റ്റുകളിൽ വിദേശികൾ 26 ശതമാനം മാത്രമായിരിക്കും. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വിദേശ ഫാർമസിസ്റ്റുകളുടെ എണ്ണം പ്രതിവർഷം 6.7 ശതമാനം തോതിൽ കുറക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.