ശത്രുതാ നയം തുടര്‍ന്നാല്‍ ഇറാന്‍ വലിയ വില നല്‍കേണ്ടിവരും-സൗദി

ടോക്കിയോ - ശത്രുതാപരമായ രാഷ്ട്രീയം തുടരുന്നതിനും ഊര്‍ജ സുരക്ഷയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ലക്ഷ്യമിടുന്നതിനും ഇറാന്‍ ഭരണകൂടത്തെ അനുവദിക്കാന്‍ പാടില്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. 
ദക്ഷിണ കൊറിയ, ജപ്പാന്‍ സന്ദര്‍ശനത്തിനിടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ അനുഗമിച്ച മാധ്യമ സംഘവുമായി സംസാരിക്കുകയായിരുന്നു ആദില്‍ അല്‍ജുബൈര്‍. വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബിയും മീഡിയ മന്ത്രി തുര്‍ക്കി അല്‍ശബാനയും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ഇത്തരം നയങ്ങള്‍ തുടരുന്നതിന് ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

മേഖലയില്‍ സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ല. ഇറാനുമായി യുദ്ധത്തിന് സൗദി അറേബ്യ ശ്രമിക്കുന്നില്ലെന്നും ആഗ്രഹിക്കുന്നില്ലെന്നും ലോക നേതാക്കളെ കിരീടാവകാശി അറിയിച്ചിട്ടുണ്ട്. ജി-20 രാഷ്ട്ര നേതാക്കളുമായി കിരീടാവകാശി വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലും ലോകത്തും സുരക്ഷാ ഭദ്രത സാക്ഷാല്‍ക്കരിക്കുന്നതില്‍ സൗദി അറേബ്യക്കുള്ള പങ്കിനെ കുറിച്ചും ഇറാന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ അടക്കമുള്ള പുതിയ സംഭവവികാസങ്ങളും ലോക നേതാക്കളുമായി കിരീടാവകാശി വിശകലനം ചെയ്തു. ലോക സമ്പദ്‌വ്യവസ്ഥക്ക് സംഭാവനകള്‍ നല്‍കി ജി-20 കൂട്ടായ്മയില്‍ വലിയ പങ്കാണ് സൗദി അറേബ്യ വഹിക്കുന്നത്. കിരീടാവകാശിയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുന്നതിന് ജി-20 നേതാക്കള്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചു. മേഖലയിലും ലോകത്തും ഭദ്രതയുണ്ടാക്കുന്ന പ്രധാന രാജ്യമെന്നോണം സൗദി അറേബ്യക്കുള്ള സ്ഥാനത്തിനുള്ള തെളിവാണിത്. വെല്ലുവിളികള്‍ നേരിടുന്നതിന് ചില രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകീകരിക്കുന്നതിലും ഭീകര വിരുദ്ധ പോരാട്ടത്തിലും സൗദി അറേബ്യക്കുള്ള കേന്ദ്ര സ്ഥാനത്തിന് അടിവരിയിടുന്നതായിരുന്നു ലോക നേതാക്കളുമായി കിരീടാവകാശി നടത്തിയ കൂടിക്കാഴ്ചകള്‍. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏതാനും രാജ്യങ്ങള്‍ക്കിടയില്‍ അനുരഞ്ജനം സാധ്യമാക്കുന്നതിനും സുഡാനില്‍ ഐക്യമുണ്ടാക്കുന്നതിനും വെല്ലുവിളികളില്‍ നിന്ന് രാജ്യത്തെ പുറത്തു കടത്തുന്നതിനും സൗദി അറേബ്യ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
 

Latest News