മുംബൈ- മുംബൈയിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18 ആയി.
ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ മുംബൈ നഗരത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
നഗരത്തിൽ വിവിധയിടങ്ങളിലായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. വെള്ളക്കെട്ടിൽ കുടുങ്ങുന്നവരെ സഹായിക്കാനായി നാവികസേനയും നഗരത്തിലെത്തിയിട്ടുണ്ട്.
മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ ബെംഗളുരു,അഹമ്മദാബാദ്, ഗോവ തുടങ്ങിയ എയർപോർട്ടുകളിലേക്ക് തിരിച്ചു വിടുകയാണ്. 8 അന്താരാഷ്ട്ര വിമാനങ്ങളും 42 ആഭ്യന്തര വിമാനങ്ങളും ഉൾപ്പെടെ 55 വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. കഴിഞ്ഞ ദിവസം സ്‌പൈസ്‌ജെറ്റ് വിമാനം റൺവേയിൽ തെന്നിയതിനെ തുടർന്ന് പ്രധാന റൺവേ അടച്ചിട്ടിരിക്കുകയാണ്. റെയിൽവേ ട്രാക്കുകളിലും വെള്ളക്കെട്ട് രൂക്ഷമായതിനാൽ ട്രെയിൻ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.
ഇതിനിടെ മുംബൈ മാലാഡ് ഈസ്റ്റിൽ ഇന്ന് പുലർച്ചെ മതിലിടിഞ്ഞു വീണ് 18 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കല്യാണിൽ രണ്ട് വീടുകൾക്ക് മേൽ സ്കൂളിന്റെ മതിൽ തകർന്നു വീണ് മൂന്ന് വയസുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇവർക്ക് ഒരു ലക്ഷം രൂപയും മതിൽ ഇടിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.