ഖമീസ് മുശൈത്ത്- അബഹ അന്തരാഷ്ട്ര എയര്‍പോര്‍ട്ടിനുനേരെ ഉണ്ടായ ഹൂത്തി ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. എട്ട് സൗദി പൗരന്മാര്‍ക്കും ഒരു ഇന്ത്യക്കാരനുമാണ് പരിക്കേറ്റതെന്ന് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ട് സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഹൂത്തി ആക്രമണം സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി സ്ഥിരീകരിച്ചതായി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞ ശേഷമായിരുന്നു ആക്രമണം. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അബഹ എയര്‍പോര്‍ട്ടില്‍ ഹൂത്തി ആക്രമണത്തില്‍ സിവിലയന്മാര്‍ക്ക് പരിക്കേല്‍ക്കുന്നത്. ജൂണ്‍ 12 നും 23നുമായിരുന്നു ഇതിനു മുമ്പത്തെ ആക്രമണങ്ങള്‍. രണ്ടാമത്തെ ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു.