റിയാദ് - സ്വകാര്യ മേഖലാ തൊഴിലാളികളെ പരസ്പരം കൈമാറുന്നതിനും, സ്‌പോൺസർ മാറി ജോലി ചെയ്യുന്നതിന് വിദേശികൾക്ക് അവസരമൊരുക്കുകയും ചെയ്യുന്ന അജീർ സംവിധാനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിഷ്‌കരിച്ചു. അജീർ തൊഴിലാളി സേവനം, അജീർ കോൺട്രാക്ടിംഗ്, അജീർ ഹജ് സേവനം, അജീർ വിസിറ്റേഴ്‌സ്, അജീർ തൊഴിൽ കേസ് എന്നിവ ഉൾപ്പെടെ പരിഷ്‌കരിച്ച അജീറിൽ അഞ്ചു സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുന്നത് ലക്ഷ്യമിട്ടാണ് അജീർ സംവിധാനം പരിഷ്‌കരിച്ചിരിക്കുന്നത്. കമ്പനികളുടെ ഭാഗത്ത് അധികമുള്ള തൊഴിലാളികളെയും ചില സീസണുകളിൽ ജോലികളൊന്നുമില്ലാത്ത സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെയും, ജീവനക്കാരെ ആവശ്യമുള്ള മറ്റു കമ്പനികൾക്കും സ്ഥാപനങ്ങൾക്കും താൽക്കാലികമായി കൈമാറാൻ അനുവദിക്കുകയാണ് അജീർ ചെയ്യുന്നത്.
വിദേശ തൊഴിലാളികളെ ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ തൊഴിലാളികളുടെ നീക്കങ്ങൾ ക്രമീകരിക്കുന്ന അജീർ സംവിധാനം താൽക്കാലിക തൊഴിലുകളും സീസൺ തൊഴിലുകളും നിർവഹിക്കുന്നതിന് വിദേശങ്ങളിൽ നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തടയിടാനും സഹായിക്കുന്നു. മറ്റു കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കീഴിലെ ജോലികൾ നിർവഹിക്കുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്തും വിസക്കച്ചവടം നടത്തിയും ചില കമ്പനികൾ നടത്തുന്ന തട്ടിപ്പുകൾക്ക് തടയിട്ട് സ്ഥാപനം മാറി ജോലി ചെയ്യുന്നതിന് വിദേശികൾക്ക് നിയമാനുസൃതം താൽക്കാലിക വർക്ക് പെർമിറ്റ് നൽകുകയാണ് അജീർ ചെയ്യുന്നത്.
നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായാണ് അജീർ സംവിധാനം വഴി തൊഴിലാളി കൈമാറ്റം അനുവദിക്കുന്നത്. താൽക്കാലിക കരാർ അടിസ്ഥാനത്തിൽ മറ്റു സ്ഥാപനങ്ങളിൽ നിന്ന് പ്രയോജനപ്പെടുത്തുന്ന തൊഴിലാളികൾ സ്വകാര്യ കമ്പനികളിലെ ആകെ ജീവനക്കാരുടെ ഇരുപതു ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് അനുസരിച്ച സ്ഥാപനങ്ങളുടെ വിഭാഗത്തെയോ സൗദിവൽക്കരിച്ച തൊഴിലുകളെയോ ബാധിക്കാൻ പാടില്ല. തൊഴിലാളി കൈമാറ്റത്തിന് ഒരു വർഷം വരെയുള്ള കരാർ ഒപ്പുവെക്കുന്നതിന് അജീർ വഴി സാധിക്കും. കാലാവധി തീരുന്ന മുറക്ക് കരാർ പുതുക്കുന്നതിനും കഴിയും. അജീർ സംവിധാനം വഴി മറ്റു സ്ഥാപനങ്ങളിലെ തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്ന കമ്പനികളും സ്ഥാപനങ്ങളും മിനിമം സൗദിവൽക്കരണം പാലിച്ച് ഇളം പച്ചയിലും അതിനു മുകളിലുള്ള വിഭാഗങ്ങളിലും ഉൾപ്പെടണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ തൊഴിലാളികളെ ആവശ്യപ്പെടുന്ന കമ്പനികളുടെ പേരിൽ തൊഴിൽ കേസുകളുണ്ടാകാനും പാടില്ല. നിർമാണം, കോൺട്രാക്ടിംഗ്, ഫാർമസി, കൃഷി അടക്കമുള്ള മേഖലകളിലെ സ്ഥാപനങ്ങൾക്ക് അജീർ സംവിധാനം വഴി മറ്റു സ്ഥാപനങ്ങളിലെ തൊഴിലാളികളെ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ മേഖലകളെ അജീർ സംവിധാനത്തിൽ ഉൾപ്പെടുത്തി വരികയാണ്.
തൊഴിൽ കേസുകളിൽ ഉൾപ്പെട്ട തൊഴിലാളികളെ ലക്ഷ്യമിട്ടാണ് അജീർ തൊഴിൽ കേസ് സേവനം ആരംഭിച്ചിരിക്കുന്നത്. തൊഴിൽ കേസുകളിൽ വിചാരണ നടക്കുന്ന കാലത്ത് വിദേശ തൊഴിലാളികളെ മറ്റു സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിന് അവസരമൊരുക്കുകയാണ് ഈ സേവനം ചെയ്യുന്നത്. ഹജ്, ഉംറ സീസണുകളിൽ ഈ മേഖലകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഹജ് അജീർ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹജ് അജീർ വഴി നാലു മാസത്തേക്കാണ് താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കുക. താൽക്കാലിക കരാർ അടിസ്ഥാനത്തിൽ കൈമാറുന്ന തൊഴിലാളികളുടെ ഇഖാമകൾക്ക് കാലാവധിയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
പദവി ശരിയാക്കി നേടിയ സന്ദർശന വിസ അനുസരിച്ച് സിറിയക്കാർക്കും യെമനികൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് അവസരം നൽകിയിട്ടുണ്ട്. തൊഴിലാളി കൈമാറ്റ നിയമം അനുസരിച്ച് മറ്റു രാജ്യക്കാർക്ക് ആർക്കും തൊഴിൽ വിലക്കില്ല. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പുകൾ പ്രകാരം പദവികൾ ശരിയാക്കി വിസിറ്റേഴ്‌സ് ഐഡന്റിറ്റി നേടിയ യെമനികൾക്കും സിറിയക്കാർക്കും സ്വകാര്യ കമ്പനികളിൽ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനും യെമനികൾക്ക് പദവി ശരിയാക്കി നേടിയ അതേ വിസയിൽ ഇഖാമ നേടുന്നതിനും അജീറിൽ വരുത്തിയ പരിഷ്‌കരണം അനുവദിക്കുന്നതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.