ഡെറാഡൂണ്‍- പ്രകൃതിരമണീയമായ ഉത്തരാഖണ്ഡ് ആഡംബര വിവാഹങ്ങളുടെ കേന്ദ്രമാണ്.
200 കോടി ചെലവിട്ട് നടത്തിയ വിവാഹം ആണ് ഇപ്പോള്‍ വലിയ വിവാദം ആയിരിക്കുന്നത്. പ്രത്യേക അനുമതിയൊക്കെ വാങ്ങി നടത്തിയ വിവാഹ സത്കാരത്തിന് ശേഷം ഉള്ള കാഴ്ചകള്‍ ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. ഇത്രയും കോടികള്‍ ചെലവിട്ട് നടത്തിയ വിവാഹ സത്കാരത്തിന് എത്തിയവര്‍ പരസ്യമായിട്ടാണ് മലമൂത്ര വിസര്‍ജ്ജനം നടത്തിയത്.
ദക്ഷിണാഫ്രിക്കയില്‍ വലിയ ബിസിനസ് സാമ്രാജ്യം ഒക്കെയുള്ള ഗുപ്ത സഹോദരങ്ങളുടെ രണ്ട് ആള്‍മക്കളുടെ വിവാഹം ആയിരുന്നു ഔളിയിലെ സ്‌കീ റിസോര്‍ട്ടില്‍ വച്ച് നടന്നത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും ബാബ രാംദേവും അടക്കമുള്ള വിവിഐപികള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കത്രീന കൈഫിന്റെ നൃത്തം വരെ ഉണ്ടായിരുന്നു ചടങ്ങില്‍. ഇരുനൂറ് കോടി രൂപയാണ് വിവാഹ ചടങ്ങുകള്‍ക്കായി ഗുപ്ത കുടുംബം ചെലവഴിച്ചത്. പക്ഷേ, എത്തിയ അതിഥികളില്‍ പലരും മലമൂത്ര വിസര്‍ജ്ജനം നടത്തിയത് തുറസ്സായ സ്ഥലത്തായിരുന്നു. അത് മാത്രമല്ല, ഭക്ഷണ മാലിന്യങ്ങളും മറ്റും പുറത്ത് തള്ളുകയും ചെയ്തു. ജോഷിമത് നഗരസഭയുടെ കീഴിലാണ് റിസോര്‍ട്ട് നില്‍ക്കുന്ന സ്ഥലം. ഇവിടെ നിന്ന് 321 കിന്റല്‍ മാലിന്യങ്ങളാണ് നീക്കിയത് എന്നാണ് നഗരസഭ അവകാശപ്പെടുന്നത്. മിക്കവയും വലിച്ചെറിഞ്ഞ നിലയില്‍ ആയിരുന്നു. 2.5 ലക്ഷം രൂപ പിഴ ഒടുക്കാന്‍ നഗരസഭ ആവശ്യപ്പെടിട്ടുണ്ട്. മാലിന്യങ്ങള്‍ ശേഖരിച്ചതിന് 8.14 ലക്ഷം രൂപയുടെ ബില്‍ വേറേയും നല്‍കും.