റിയാദ് - ഇറാന് പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ സൗദി അറേബ്യ ലക്ഷ്യമിട്ട് അയച്ച ഡ്രോണ്‍ തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. തിങ്കള്‍ രാവിലെയാണ് ഡ്രോണ്‍ സഖ്യസേന തകര്‍ത്തത്. സന്‍ആയില്‍ നിന്ന് അയച്ച ഡ്രോണ്‍ യെമന്‍ വ്യോമമേഖലയില്‍ വെച്ചാണ് തകര്‍ത്തതെന്നും കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
അതിനിടെ, ശൂറാ കൗണ്‍സില്‍ സംഘം അബഹ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചു. ഹൂത്തി മിലീഷ്യകള്‍ അടുത്തിടെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് നല്കുന്ന സേവനങ്ങളും എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനവും വിലയിരുത്തുന്നതിനും ഭാവി ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും ശൂറാ കൗണ്‍സിലിലെ ഗതാഗത, ടെലികോം, ഐ.ടി കമ്മിറ്റി പ്രസിഡന്റ് മേജര്‍ ജനറല്‍ നാസിര്‍ അല്‍ഉതൈബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയത്. അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് ശൂറാ കൗണ്‍സില്‍ സംഘം അബഹ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചതെന്ന് മേജര്‍ ജനറല്‍ നാസിര്‍ അല്‍ഉതൈബി പറഞ്ഞു.