ന്യൂദല്‍ഹി- അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത അനിശ്ചിതത്വം തുടരുന്നു. അദ്ദേഹം ശരിയായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാഹുലുമായി നടത്തിയ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. രാഹുലുമായുള്ള കൂടിക്കാഴ്ച വളരെ നന്നായിരുന്നു. രാജിക്കാര്യത്തില്‍ തങ്ങളുടെ വികാരം അദ്ദേഹവുമായി പങ്ക് വെച്ചു. കാര്യങ്ങളെല്ലാം തന്നെ രാഹുല്‍ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. അദ്ദേഹം ശരിയായ തീരുമാനം എടുക്കുമെന്നാണു കരുതുന്നത്- ഗെലോട്ട് പറഞ്ഞു.
അതേസമയം, കൂടിക്കാഴ്ചയ്ക്കു മുന്‍പേ രാഹുല്‍ രാജിവെക്കില്ലെന്ന് അശോക് ഗെലോട്ട് ട്വിറ്ററില്‍ കുറിച്ചപ്പോള്‍ തന്റെ തീരുമാനം താന്‍ വെളിപ്പെടുത്തിക്കഴിഞ്ഞു എന്ന മറുപടി നല്‍കി രാജി തീരുമാന്തതില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ചെയ്തത്. പ്രവര്‍ത്തകരുടെ വികാരം പങ്കു വെച്ച് അനുനയിപ്പിക്കാന്‍ പാര്‍ട്ടി മുഖ്യമന്ത്രിമാര്‍ നടത്തിയ ശ്രമങ്ങള്‍ക്കും രാഹുല്‍ വഴങ്ങിയിട്ടില്ല എന്നാണു വിവരം.
അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭഗേല്‍, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി എന്നിവരാണ് ഇന്നലെ രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസിനുള്ളില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കൂട്ട രാജിക്ക് പിന്നാലെയാണ് സമര്‍ദ്ദത്തിലായ മുഖ്യമന്ത്രിമാര്‍ രാഹുലിനെ കണ്ടത്.
രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ തന്നെ കോണ്‍ഗ്രസിനെ നയിക്കണം എന്നാണാഗ്രഹിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ പേരില്‍ രാഹുല്‍ രാജിവെക്കരുതെന്നും അശോക് ഗെലോട്ട് പറഞ്ഞു. തോല്‍വിയും വിജയവും തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ടും കമല്‍ നാഥും സ്വന്തം മക്കളുടെ കാര്യം മാത്രമാണ് നോക്കിയതെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.