മാൽഡ - ബൈക്ക് മോഷ്ടിച്ചു എന്നാരോപിച്ച് വെസ്റ്റ് ബംഗാളിലെ മാൽഡയിൽ ഉണ്ടായ ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് മുസ്ലിം യുവാവ് മരിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിലായി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട ആക്രമണത്തിന്റെ വീഡിയോയിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. 25 കാരനായ ഷനാഉൽ ഷെയ്ഖ് ആണ് മരിച്ചത്.
ഷെയ്ഖിന്റെ അമ്മ പരാതി നൽകിയതിനെ തുടർന്ന് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി മാൽഡ പോലീസ് സുപ്രണ്ടന്റ് ആലോക് രജോറിയ പറഞ്ഞു. വെള്ളിയാഴ്ചയാണ് ബൈക്ക് മോഷണം നടത്തിയെന്നാരോപിച്ച് ഷെയ്‌ഖിനെ ആൾക്കൂട്ടം മർദിക്കുന്നത്. മർദ്ദനത്തെ തുടർന്ന് അവശ നിലയിലായ ഷെയ്‌ഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. മൃതദേഹം മറവു ചെയ്ത ശേഷം കലിയാചക്, ബൈഷ്നാബ് നഗർ എന്നിവിടങ്ങളിൽ ആക്രമണത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു.
ആൾക്കൂട്ട ആക്രമണം ബംഗാളിലും എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു. ഷെയ്‌ഖിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, കേസിനെ സാമുദായികമായി ബന്ധിപ്പിക്കരുതെന്ന് മാൽഡ പോലീസ് സുപ്രണ്ടന്റ് ആലോക് രജോറിയ അഭ്യർത്ഥിച്ചു. മരിച്ച ഷെയ്‌ഖിന് മോഷണ പശ്ചാത്തലമുണ്ടെന്നും ദരിദ്രരായ വീട്ടുകാരെ ഞങ്ങൾ സഹായിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.