Sorry, you need to enable JavaScript to visit this website.

ഫ്രറ്റേണിറ്റി സാഹോദര്യ ജാഥക്കുനേരെ എസ്.എഫ്.ഐ ആക്രമണവും പോലീസ് ലാത്തിച്ചാര്‍ജും

തിരുവനന്തപുരം- ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആരംഭിച്ച സാഹോദര്യ ജാഥക്കുനേരെ തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്‌ഐ ആക്രമണവും പോലീസ് ലാത്തിച്ചാര്‍ജും. കോളേജിലേക്ക് ജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിനു പിന്നാലെ  എസ്എഫ്‌ഐ പ്രവര്‍ത്തകരും തടയാനെത്തുകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജാഥക്ക് നേരെ കല്ലെറിഞ്ഞു. ഗെയിറ്റില്‍ കുത്തിയിരുന്ന ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
കോളേജില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പോലീസ് ജാഥ തടഞ്ഞത്. പ്രിന്‍സിപ്പലിന്റെ അനുമതിയുണ്ടെന്ന് പറഞ്ഞിട്ടും പോലീസ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഗെയിറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. എസ്എഫ്‌ഐ ആക്രമണത്തിലും പോലിസ് ലാത്തി ചാര്‍ജിലും നിരവധി ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
എസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഫ്രറ്റേണിറ്റി നേതാക്കളടക്കം എട്ട് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്.  ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അജീഷ്, വസീം അലി, അഫ്‌സല്‍, ശഫീഖ് എന്നിവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടും.
സാഹോദര്യ ജാഥ തുടരുമെന്ന് ഫ്രറ്റേണിറ്റി ഭാരവാഹികള്‍ അറിയിച്ചു.

 

Latest News