വാഷിംഗ്ടണ്‍- ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇതിനു മുമ്പൊരിക്കലും ഇത്രയും കരുത്തുറ്റതായിരുന്നില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ആദ്യ ചര്‍ച്ചക്കുശേഷം വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്്‌ലാമിക ഭീകരതയുടെ നിര്‍മാര്‍ജനമാണ് ഇരുരാജ്യങ്ങളുടേയും സഹകരണത്തിന്റെ മുഖ്യ ഊന്നലെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
സുരക്ഷാ, പ്രതിരോധ സഹകരണം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി മോഡിയും പറഞ്ഞു. ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വ്യാപാരം, വാണിജ്യം, നിക്ഷേപം തുടങ്ങിയവയാണ് സഹകരണത്തിലെ മറ്റു പ്രധാന മേഖലകള്‍. പ്രസിഡന്റ് ട്രംപുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ട്രംപിനേയും കുടുംബത്തേയും മോഡി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. മകള്‍ ഇവാന്‍ക ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുക്കുന്ന യു.എസ്. പ്രതിനിധി സംഘത്തെ നയിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഭീകരര്‍ പാക്കിസ്ഥാന്റെ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഭീകരര്‍ പാക്കിസ്ഥാന്റെ ഭൂപ്രദേശങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ആവശ്യം. മുംബൈ ഭീകരാക്രമണത്തിനും പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മോഡിയും ട്രംപും കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്തയാ - പസഫിക് മേഖലയില്‍ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പ്രസ്താവന വ്യക്തമാക്കി.