ജയ്പുര്‍-ബി.ജെ.പി. എം.പി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അല്‍വാറില്‍ നിന്നുള്ള മഹന്ത് ബാലക്‌നാഥ് എംപി സഞ്ചരിച്ച ഹെലിക്കോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. കോപ്റ്റര്‍ നിലത്തിറക്കുന്നതിന് തൊട്ടുമുന്‍പ് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് എം.പി.യും സഹായിയും അപകടം കൂടാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാവിലെ 10.30 ഓടെ യായിരുന്നു സംഭവം. നിയന്ത്രണം വിട്ട ഹെലിക്കോപ്റ്റര്‍ ആകാശത്ത് രണ്ടുതവണ വട്ടംകറങ്ങി. എന്നാല്‍ നിയന്ത്രണം വീണ്ടെടുക്കാന്‍ പൈലറ്റിന് കഴിഞ്ഞു. ഡല്‍ഹിയില്‍ നിന്നും ആല്‍വാറില്‍ ബാബ സോമനാഥ് മഹാരാജിന്റെ പത്തൊന്‍പതാമത് ചരമ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.